ഭാര്യയേയും, മക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

Crime
Print Friendly, PDF & Email

കോന്നി – ഭാര്യക്ക് അവിവിഹിത ബന്ധമുണ്ടന്ന് സംശയിച്ചു രണ്ടു മക്കളെ ഉൾപ്പടെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കടമാൻകോട് തിങ്കൾക്കരികം കുഴവിയോട് സുജിത് ഭവനം വീട്ടിൽ കെ. സുജിത് ( 34) ആണ് പിടിയിലായത്. ഭാര്യ കുളത്തൂപ്പുഴ സുജിത്ത് ഭവനിൽ രേഷ്മ (27)യുമായി രണ്ടുവർഷമായി പിരിഞ്ഞു താമസിക്കുകയാണ് സുജിത്ത്. നിലവിൽ യുവതിയും മക്കളും താമസിക്കുന്ന അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിലെ രതീഷ് ഭവനം വീട്ടിൽ 24 ന് രാത്രി 9.30 നെത്തിയ സുജിത് കതക് തുറക്കാൻ ആവശ്യപ്പെട്ടു.

യുവതി ഭയന്ന് വാതിൽ തുറന്നില്ല. ഈ വിരോധം കാരണം പിറ്റേന്ന് പുലർച്ചെ ഒന്നിന് വീണ്ടുമെത്തിയ ഇയാൾ മുറ്റത്തു കിടന്ന മൺവെട്ടി കൊണ്ട് അടുക്കളവാതിൽ പൊളിച്ച് ഉള്ളിൽ കടന്നു. കൈവശം ചുറ്റികയും ലൈറ്ററും പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് ജനലിന്റെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്തു. രേഷ്മയും മക്കളും ഉറങ്ങിക്കിടന്ന മുറിയിൽ അതിക്രമിച്ചുകടന്ന് കൊല്ലുമെന്ന് ഭീഷണി മുഴക്കി. തുടർന്ന്, അവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. രേഷ്മയുടെ മൊഴി പ്രകാരം പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പെട്രോൾ നിറച്ച കുപ്പിയും ലൈറ്ററും ചുറ്റികയും പോലീസ് കണ്ടെടുത്തു. മൺവെട്ടിയും ബന്തവസിലെടുത്തു.

രേഷ്മയ്ക്കും സുജിത്തിനും മൂന്ന് മക്കളാണ്. യുവതിക്ക് വീട്ടു ജോലിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതിനെ തുടർന്ന് കുളത്തൂപ്പുഴയിലുണ്ടെന്ന വിവരം കിട്ടി. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അവിടെയെത്തി കുളത്തൂപ്പുഴ പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *