ഇന്ത്യൻ ഇസ്‌ലാമിക് ലിറ്ററേച്ചർ ഫെസ്റ്റ് ജനുവരി 18, 19 തിയ്യതികളിൽ

World
Print Friendly, PDF & Email

അബുദാബി: ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റ് ജനുവരി 18,19 തിയ്യതികളിൽ നടക്കും. ഇത്തവണത്തെ സാഹിത്യ അവാർഡിന് കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അർഹനായി. നാടിന്റെയും മറുനാടിന്റെയും എഴുത്തുകാരനായ ശിഹാബുദ്ദീൻ ഏറെക്കാലം പ്രവാസിയായിരുന്നു. എഴുത്തിന്റെ വിവിധ മേഖലകളിലൂടെ മലയാളികളുമായി സംവദിക്കുന്ന അദ്ദേഹം കഥകളിലൂടെയും ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ഗൾഫിലെ കഫ്തീരിയകളുടെ ചരിത്രമെഴുത്ത് ഉൾപ്പടെയുള്ള പഠനങ്ങളിലൂടെയും പ്രവാസ ജീവിതത്തെയും അതിജീവനത്തെയും സൂക്ഷ്മമായി അവലോകനം ചെയ്ത രചയിതാവാണ്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഴിഞ്ഞ മുപ്പതുവർഷങ്ങളിലെ സാഹിത്യ ജീവിതത്തെ ആദരിക്കുകയാണ് ഈ അവാർഡിലൂടെ ലക്ഷ്യമിടുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് മഹാകവി പുലിക്കോട്ടിൽ ഹൈദറിന്റെ അമ്പതാം ചരമവാർഷിക ആചരണവും നടക്കും.

മോയിൻകുട്ടി വൈദ്യർക്കു ശേഷം മലയാള സാഹിത്യത്തിലെ ഒരു സവിശേഷ പാരമ്പര്യത്തെ നയിച്ച ജനകീയനായ കവിയാണ് പുലിക്കോട്ടിൽ ഹൈദർ. സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതവും ദുരിതവും ഇന്ത്യൻ സ്വാതന്ത്യസമരവും ജയിലനുഭവങ്ങളും യാതനകളും പുലിക്കോട്ടിൽ കൃതികളിലൂടെ ഇന്നും മലയാളം കേട്ടറിയുന്നു. പുലിക്കോട്ടിൽ ഹൈദർ ജന്മശതാബ്ദി ആഘോഷത്തിനു ശേഷം ഇതാദ്യമായി പ്രവാസ ലോകത്ത് നടക്കുന്ന ഏറ്റവും ഉചിതമായ അനുസ്മരണ പരിപാടിയാക്കിയിരിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

മാപ്പിള ഹെറിറ്റേജ് ലൈബ്രറി തയ്യാറാക്കിയ അറബിമലയാളം ബിബ്ലിയോഗ്രഫി പ്രകാശനവും ലിറ്ററേച്ചർ ഫെസ്റ്റിൽ നടക്കും. മാപ്പിള മലയാളം, അറബി മലയാളം എന്നിങ്ങനെ അറിയപ്പെടുന്ന മലയാളത്തിന്റെ കൈവഴികളിലൊന്നിന്റെ സമഗ്രമായ ചരിത്രരേഖയായാണ് ഈ ബിബ്ലിയോഗ്രഫി രചിച്ചിരിക്കുന്നത്. കോഴിക്കോട് സർവകലാശാലയിലെ സി.എച്ച് ചെയറിന്റെ അനുബന്ധമായി ഭാഷാസാഹിത്യ സംരക്ഷണ രംഗത്ത് വലിയ സേവനങ്ങൾ അർപ്പിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിയാണ് ഈ ശ്രമം പൂർത്തീകരിക്കുന്നത്. പ്രകാശന പരിപാടിയിൽ ചരിത്രകാരനും ഗ്രന്ഥകാരനുമായ അബ്ദുറഹ്മാൻ മങ്ങാട് സംബന്ധിക്കും. ഈയിടെ വിടപറഞ്ഞ മലയാളത്തിന്റെ സുകൃതം എം.ടി വാസുദേവൻ നായർ അനുസ്മരണം സമപാന ദിവസം നടത്തും.

രണ്ടു ദിവസം വിവിധ സെഷനുകളിലായി വിദ്യാർത്ഥികളുടെ സാഹിത്യ സംവാദം, ഷോർട് ഫിലിം ഫെസ്റ്റ്, സഞ്ചാരികളും വ്‌ളോഗർമാരും പങ്കെടുക്കുന്ന ട്രാവലോഗ്, പ്രവാസലോകത്തെ മുതിർന്ന പൗരന്മാന്മാരുടെ കൂടിയിരിപ്പ്, കഥാകവിതാ അരങ്ങുകൾ, പുസ്തക പ്രകാശനങ്ങൾ, സാഹിത്യസാംസ്‌കാരിക സംവാദങ്ങൾ, എഴുത്തുകാർക്ക് ആദരവ്, പുസ്തക പ്രകാശനങ്ങൾ തുടങ്ങി വിവിധങ്ങളായ സെഷനുകളും ഒരുക്കുന്നുണ്ട്. നാട്ടിലും യുഎഇയിലുമുള്ള എഴുത്തുകാരും കവികളും സാംസ്‌കാരിക പ്രമുഖരും വിവിധ സെഷനുകളിൽ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള പറപ്പുര്, വൈസ് പ്രസിഡന്റ് യു.അബ്ദുള്ള ഫാറൂഖി, ട്രഷറർ ബി.സി അബൂബക്കർ, ലിറ്ററേച്ചർ സെക്രട്ടറി ജാഫർ കുറ്റിക്കോട്, പബ്ലിക് റിലേഷൻ സെക്രട്ടറി അഡ്വ. ഷറഫുദ്ധീൻ, അബുദാബി കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കൽ, ജുബൈർ വെള്ളാടത്ത്, അലി ചിറ്റയിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *