പത്തനംതിട്ട: മലയാലപ്പുഴയിൽ നടുറോഡിൽ കാപ്പ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന് കാപ്പ കേസ് പ്രതി അടക്കം 26 പേർക്കെതിരേ പോലീസ് കേസെടുത്തു. ഇഡലി എന്നു വിളിക്കുന്ന ശരൺ ചന്ദ്രൻ അടക്കമുളളവർക്കെതിരേയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതുഗതാഗതത്തിന് തടസം സൃഷ്ടിച്ചതിനാണ് പോലീസ് സ്വമേധയാ കേസ് എടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതിനാണ് കുഴിക്കാട്ട് പടി പള്ളിക്കുഴി റോഡിന് നടുവിൽ വാഹനം കൊണ്ടിട്ട് സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷം നടന്നത്. നാലു കേക്കുകളാണ് ഇവർ വാഹനത്തിന്റെ ബോണറ്റിൽ വച്ച് മുറിച്ചത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ബാക്ഗ്രൗണ്ട് മ്യൂസികിന്റെ അകമ്പടിയോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കാപ്പകേസ് പ്രതിയായ ശരൺ ചന്ദ്രൻ അടക്കം 62 പേരാണ് ഒരു മാസം മുൻപ് സി.പി.എമ്മിൽ ചേർന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ്, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവർ പങ്കെടുത്ത യോഗത്തില കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു.


