കോഴിക്കോട്: സിപിഎമ്മിൽ ഇപ്പോൾ പുകയുന്ന പി.എസ്.സി. കോഴ ആരോപണത്തിൽ തന്നെ ആക്രമിക്കുന്നത് തെളിവില്ലാതെയാണെന്ന് പ്രമോദി കോട്ടൂളി പ്രതികരിച്ചു. ഇല്ലാത്ത ആരോപണം ഉന്നയിച്ച പരാതിക്കാരന്റെ വീട്ടിൽ പോയി അമ്മയ്ക്കും മകനുമൊപ്പം സമരമിരിക്കുമെന്നും പ്രമോദ് പറഞ്ഞു.
എന്നെ പുറത്താക്കിയ നടപടിയെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. സംഘടനാപരമായി നടപടി അവർ അറിയിക്കേണ്ടതാണ്. ഞാൻ കോഴവാങ്ങിയെന്നാണ് ആരോപിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് അമ്മയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കടുത്ത ജീവിത പ്രയാസങ്ങളിലൂടെയാണ് അമ്മ എന്നെ വളർത്തിക്കൊണ്ടുവന്നത്. മകനായ ശേഷമാണ് ഞാൻ സഖാവായത്. പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നപ്പോൾ നിരവധി തവണ ജയിൽവാസവും ലാത്തിച്ചാർജ് ഉൾപ്പടെ അനുഭവിച്ചപ്പോൾ അതിന്റെ ബുദ്ധിമുട്ടുകൾ ഉൾപ്പടെ അമ്മയും അനുഭവിച്ചിട്ടുണ്ട്.
ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആർക്കാണ് നൽകിയത്, എപ്പോഴാണ് ? എന്നാണ് ? ഇത്തരം വിരങ്ങൾ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്ത് എന്ന വ്യക്തിയാണ് ഇതിന് പിന്നിൽ. ഇയാളുടെ വീടിന് മുന്നിൽ താനും അമ്മയും മകനും പോയി പ്രതിഷേധിക്കാൻ പോകുകയാണ്. ഇയാൾ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണം. ഇനി തനിക്ക് ഒന്നും ഒളിക്കാനില്ല. കുടുക്കാൻ ശ്രമിച്ചവരുടേത് ഉൾപ്പടെ എല്ലാ കാര്യങ്ങളും തുറന്നുപറയും. ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നത്. സമരസ്ഥലത്തുവച്ച് ഞാൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും പ്രമോദ് പറഞ്ഞു.
പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.


