എടത്വ: എസ്.എൻ.ഡി.പി. യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതിനെതിരെ ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ ചൊവാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് എടത്വായിൽ പ്രതിഷേധ പ്രകടനവും യൂണിയൻ ഓഫീസിലേക്ക് മാർച്ചും നടത്തും. യൂണിയൻ പരിധിക്ക് പുറത്തുള്ള അനിൽ പി. ശ്രീരംഗത്തെ ചെയർമാനായും കൊല്ലം സ്വദേശിയായ സന്ദീപ് പച്ചയിലിനെ കൺവീനറായും നിയമിച്ചതാണ് ശാഖാ ഭാരവാഹികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. യൂണിയൻ പരിധിയിലെ ശാഖകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ശാഖാ ഭാരവാഹികളുമായി കൂടിയാലോചിച്ച് പുതിയ നേതൃത്വത്തെ തീരുമാനിക്കണമെന്നുമാണ് ആവശ്യം.


41 ശാഖകളുള്ള കുട്ടനാട് സൗത്ത് യൂണിയൻ നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാണ്. ആഗസ്റ്റ് 12-ന് നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചാണ് പുതിയ ചെയർമാനെയും കൺവീനറെയും നിയമിച്ചത്.പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയൻ ഓഫീസിൽ വിളിച്ചുചേർത്ത ശാഖാ ഭാരവാഹികളുടെ യോഗത്തിൽ 30-ഓളം ശാഖകൾ പങ്കെടുക്കാതെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പുറത്തുനിന്നുള്ള നേതൃത്വത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ശാഖാ ഭാരവാഹികളുടെ യോഗം ഐകകണ്ഠ്യേന പ്രമേയം പാസാക്കി.പുതിയ നേതൃത്വം തീരുമാനിക്കുന്നതുവരെ യൂണിയന്റെ പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനും നിലവിലെ യൂണിയൻ നേതൃത്വത്തെ ബഹിഷ്കരിക്കാനും ശാഖാ കോർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.സംയുക്ത ശാഖാ ഭാരവാഹികളായ കെ.സോമൻ ,പി.വി. വിജയൻ ,പി.എസ്. ബിജു, ഗണേഷ് കോയിത്ര, മധുസൂദനൻ, അമ്പലപ്പുഴ ജയദേവൻ, രാജൻ ഐരാംപള്ളി, കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകും.
What do you feel about this post?
Like
Love
Happy
Haha
Sad

