തലവടി : വെളിച്ചവുമില്ല; കുടിവെള്ളവും ഇല്ല ; ജനങ്ങൾക്ക് ഉള്ളത് പാതി വഴിയിൽ നിർമ്മാണം ഉപേഷിച്ച ചെളിക്കുളമായ റോഡ് മാത്രം. നിർമ്മാണം പൂർത്തിയാകാത്ത റോഡിന്റെ തടസ്സങ്ങൾ നീക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധ സമരം ഉൾപ്പെടെ നടത്തിയെങ്കിലും ഇപ്പോൾ കുടിവെള്ളവും റോഡും ഇല്ലാത്ത അവസ്ഥയിൽ ആയി.
തലവടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ റീ ബിൽഡ് കേരള പദ്ധതി പ്രകാരം നാലാങ്കൽ – കുന്നത്ത്പറമ്പ് റോഡ് ആണ് ചെളിക്കുളമായി കിടക്കുന്നത്. റോഡിന്റെ നിർമ്മാണം ആരംഭിച്ചത് മൂന്ന് വർഷം മുമ്പ് ആണ്.
റോഡ് നിർമ്മാണത്തിനിടയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴി എടുത്തത് മൂലമാണ് റോഡ് ചെളിക്കുളമായത്. ഇതെ തുടർന്ന് നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്.എന്നാൽ ഇതിനോടൊപ്പം പ്രദേശത്ത് ഉണ്ടായിരുന്ന മറ്റൊരു റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ട് രണ്ട് വർഷം തികയുന്നു. റോഡിന്റെ നിർമ്മാണ കാലാവധി അവസാനിച്ചിട്ടും പാതി വഴിയിൽ ആണ്. പരിപാലന കാലാവധി അഞ്ച് വർഷമാണ്.

കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് റോഡിൽ ഉണ്ടായ കുഴികൾ റോഡുകളുടെ റെസ്റ്റോറേഷൻ പദ്ധതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിടുണ്ടെന്ന് കേരള വാട്ടർ അതോറിറ്റി കിഫ്ബി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹർജിയിലാണ് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചത്.കുട്ടനാട്ടിന്റെ സവിശേഷ സാഹചര്യത്തിൽ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് മൺസൂണിന് ശേഷം റോഡുകളുടെ റെസ്റ്റോറേഷൻ പ്രവർത്തികൾ പൂർത്തികരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അടിയന്തിരമായി ചെളിക്കുളമായ നാലാങ്കൽ – കുന്നത്ത്പറമ്പ് റോഡിന്റെ നിർമ്മാണ തടസ്സങ്ങൾ നീക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും പ്രദേശവാസിയായ വിശാൽ ജോർജ്ജ് ഫിലിപ്പ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

