തലവടി : കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിൽ ഉണ്ടായ മഴ മൂലം ടാർ ഇട്ട റോഡുകൾ ചെളിക്കുളമായി. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ആണ് പൊതു ടാപ്പ് ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാർഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ തുടങ്ങിയത്.

വീതി കുറഞ്ഞ റോഡിൽ ജെസിബി മിഷൻ ഉപയോഗിച്ച് കുഴി എടുത്തത് മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയായി. റോഡിൽ ഉണ്ടായ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് മൂലം കുഴികൾ രൂപപെട്ട് പലയിടങ്ങളിലും ചെളിവെള്ളം കെട്ടികിടന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി .

സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നതിന് പോലും ഇതുവഴി ഇപ്പോൾ പ്രയാസമാണ്.
പൈപ്പ് ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കിയതിന് ശേഷം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി.ഇടിക്കുള കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന് നിവേദനം നൽകി.


