വാഷ്ടിങ്ടൺ ഡിസി : വീണ്ടും അമേരിക്കയിൽ ഡൊണൾഡ് ട്രംപ് യുഗം. യുഎസിന്റെ 47 മത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ, പെൻസിൽവാനിയയിൽ ഉണ്ടായ വധശ്രമം പരാമർശിച്ചുകൊണ്ട്, അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവമാണ് തന്നെ രക്ഷിച്ചതെന്ന് ട്രംപ് പറഞ്ഞു.
തെക്കൻ ഭാഗത്ത് മെക്‌സിക്കൻ അതിർത്തിയിൽ താൻ ദേശീയ അടിയന്തരാവസ്ഥയും, ദേശീയ ഊർജ്ജ അടിയന്തരാവസ്ഥയും പ്രഖ്യാപിക്കും എന്നുള്ള ട്രംപിന്റെ വാക്കുകളെ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ ( മാഗ) പ്രചാരണത്തെ പിന്തുണയ്ക്കുന്നവർ എണീറ്റ് നിന്ന് കയ്യടിയോടെ സ്വീകരിച്ചു. യുഎസ് -മെക്‌സികോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള എക്സിക്യുട്ടീവ് ഓർഡറിൽ ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്തമാക്കി. രേഖകളില്ലാത്ത ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ തന്റെ ഭരണകൂടം നാടുകടത്തുമെന്നും, വിദശ രാജ്യങ്ങൾക്ക് മേൽ താരിഫും നികുതിയും ചുമത്തുമെന്നും, പനാമ കനാൽ തിരിച്ചെടുക്കുമെന്നും അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങളാണ് ട്രംപ് തൊടുത്തുവിട്ടത്.
താൻ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താവാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹമാസ് ചില ഇസ്രയേലി ബന്ദികളെ വിട്ടയച്ചതാണ് അദ്ദഹം സൂചിപ്പിച്ചത്. അമേരിക്കയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന വാഗ്ദാനത്തിനാണ് അദ്ദേഹം ഊന്നൽ നൽകിയത്. ഈ ദിവസം മുതൽ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും. താൻ എപ്പോഴും അമേരിക്കയെയാണ് മുന്നിൽ നിർത്തുക.അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു. ചൊവ്വയിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

