അടൂർ: ലോകത്താകമാനം ആവശ്യക്കാരേറെയുള്ള അവക്കാഡോ പഴക്കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കടമ്പനാട് തുവയൂർ സൗത്ത് പനവിള ഷോൺ വില്ലയിൽ സുജിത്ത് ടി. തങ്കച്ചൻ. യാത്രയ്ക്കിടെ എറണാകുളത്ത് നിന്നും അഞ്ച് വർഷം മുൻപാണ് അവക്കാഡോ തൈ വാങ്ങിയത്. നട്ട് അഞ്ച് വർഷം കഴിഞ്ഞതോടെയാണ് പൂവിട്ടത്. രണ്ട് മാസം കൊണ്ട് പഴമാകും. കിലോയ്ക്ക് മുന്നൂറ് രൂപ വരെ വിലയുണ്ടെന്ന് കർഷകർ പറഞ്ഞു.
പോഷകഗുണങ്ങൾ ഏറെയുള്ള അവക്കാഡോ പഴം ഷേക്കാക്കി കുടിക്കുന്നതാണ് ആൾക്കാർക്ക് പ്രിയം. ഇപ്പോൾ വൃക്ഷം നിറയെ പൂത്തുലഞ്ഞ് കായ പിടിച്ചു കിടക്കുകയാണ്. മലയോര മേഖലയിൽ അപൂർവമായാണ് അവക്കാഡോ കായ്ക്കുന്നത്. അവക്കാഡോ പഴങ്ങൾക്ക് വെണ്ണപ്പഴമെന്നും വിളിപ്പേരുണ്ട്. പഴത്തിനുള്ളിലെ മഞ്ഞ കലർന്ന മാംസള ഭാഗമാണ് കഴിക്കുന്നത് . ടൺ കണക്കിന് വെണ്ണപ്പഴമാണ് കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലേക്ക് വെണ്ണപ്പഴം ധാരാളമായി പോകുന്നുണ്ട്. കേരളത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലേക്ക് ഇത് കയറ്റുമതി ചെയ്യുന്നുമുണ്ട്.
സുജിത്തിന്റെ വീട്ടുവളപ്പിൽ സമ്മിശ്ര ഫലവർഗ കൃഷിയാണ് ഉള്ളത്. ഡ്രാഗൺ ഫ്രൂട്ട്, ലിച്ചി, റമ്പൂട്ടാൻ, ഫിലോസാൻ, മാംഗോസ്റ്റിൻ, മിറാക്കിൾ ഫ്രൂട്ട്, നോനി, അമ്പഴം, സീതപ്പഴം, ശീമപുളി, മീൻ പുളി, ചെറുനാരകം തുടങ്ങി 80 സെന്റ് സ്ഥലത്ത് ഫലവൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.


