തിരുവോണത്തോണി മങ്ങാട്ടു കടവിൽ നിന്ന് പുറപ്പെട്ടു

Kerala Kottayam
Print Friendly, PDF & Email

തിരുവോണത്തോണിയുടെ അകമ്പടി തോണി കുമാരനല്ലൂർ മങ്ങാട്ടു കടവിൽ നിന്ന് പുറപ്പെട്ടു. ആചാരപ്പെരുമയിൽ കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം എം.ആർ. രവീന്ദ്രബാബു ഭട്ടതിരിയാണ് ചുരുളൻ വള്ളത്തിൽ യാത്ര തിരിച്ചത്. തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായാണ് യാത്ര. ഐതിഹ്യവും ചരിത്രവും ഇഴചേർന്ന യാത്രയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മങ്ങാട്ട് ഇല്ലത്തിനു പാരമ്പര്യവഴിയിൽ കിട്ടിയതാണ് ഈ അവകാശം. തിരുവോണനാളിൽ ഓണവിഭവങ്ങളുമായി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നാണ് തിരുവോണത്തോണി പുറപ്പെടുന്നത്. കാട്ടൂർക്കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയുമാണ് തോണിയിൽ ഉണ്ടാവുക. കുമാരനല്ലൂരിൽനിന്ന് ഭട്ടതിരി കാട്ടൂർക്കടവുവരെ എത്തുന്നത് ചുരുളൻ വള്ളത്തിലാണ്. പിന്നീട് തിരുവോണത്തോണിയിലാണ് യാത്ര. തിരുവോണനാളിൽ രാവിലെ ആറന്മുള മധുക്കടവിൽ തോണിയെത്തും. തോണിയിലെത്തിക്കുന്ന വിഭവങ്ങൾക്കൂടി ചേർത്താണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യ. ക്ഷേത്രത്തിൽ അത്താഴപൂജവരെ ഭട്ടതിരിയുടെ കാർമികത്വം ഉണ്ടായിരിക്കും. മങ്ങാട്ട് ഇല്ലം പണ്ടു ചെങ്ങന്നൂർ താലൂക്കിലെ കാട്ടൂരിലായിരുന്നു. പിന്നീട് കുമാരനല്ലൂരിലേക്ക് മാറി. എങ്കിലും ആചാരം മുടക്കമില്ലാതെ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *