അടൂർ – നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളിൽ പ്രകാശം പരക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അടൂർ ഗാന്ധി പാർക്കിൽ നടന്ന ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.സമൂഹത്തിനായി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ കർമ്മമാണ് നേത്രദാനമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു .നേത്രദാനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും നേത്രദാനം പ്രോത്സാഹിപ്പിക്കാനുമായാണ് ദേശീയ തലത്തിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നത്.പക്ഷാചരണത്തിന്റെ ഭാഗമായി നേത്രദാന സന്ദേശ റാലിയും നടന്നു. നേത്രദാനത്തെ പറ്റി പലർക്കും അറിയാമെങ്കിലും അധികം ആരും അതിന് തയ്യാറാകുന്നില്ല.


