റാന്നി: പുതമൺ താൽക്കാലിക പാതയുടെ നിർമ്മാണം ഓണത്തിന് ശേഷം ആരംഭിക്കാനാകുമെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു പാതയുടെ നിർമ്മാണം ടെൻഡർ എടുത്തു. 30.8 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്കായി അനുവദിച്ചിരിക്കുന്നത്.
തകരാറിലായ പുതമൺ പാലത്തിന് മുകൾ ഭാഗത്ത് പെരുന്തോട്ടിനു കുറുകെ ഒരു മീറ്റർ വ്യാസമുള്ള നാല് പൈപ്പുകൾ സ്ഥാപിച്ച് അതിനു മുകളിലൂടെ മണ്ണിട്ട് ചപ്പാത്ത് മാതൃകയിലുള്ള താൽക്കാലിക പാതയാണ് നിർമ്മിക്കുക. നദിയിൽ 12 മീറ്ററും ഇരുകരകളിലും 60 മീറ്ററിൽ അധികവും പാതയ്ക്ക് നീളം കാണും .മൂന്ന് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പാതയിലൂടെ ഒരു വശത്തേക്ക് മാത്രമേ ഗതാഗതം ഒരേ സമയം അനുവദിക്കൂ. ബസ് ഉൾപ്പെടെയുള്ള യാത്രാവാഹനങ്ങൾ ഇതുവഴി കടത്തിവിടുമെങ്കിലും വലിയ ചരക്ക് ലോറികൾ കടന്നുപോകാൻ അനുവദിക്കില്ല.
കഴിഞ്ഞ ജനുവരിയിലാണ് ബ്ലോക്ക് പടി കോഴഞ്ചേരി പാതയിലെ പുതമൺ പാലം ഒടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. പുതിയ പാലം നിർമ്മാണത്തിന് കാലതാമസം നേരിടുന്ന കാരണത്താലാണ് അടിയന്തര ഗതാഗത സൗകര്യം ഒരുക്കുന്നതിനായി താൽക്കാലിക പാലം നിർമ്മിക്കുന്നത് പുതിയ പാലത്തിന്റെ എസ്റ്റിമേറ്റ് ഡിസൈനും സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് ഇതിന്റെ അനുമതി ലഭിച്ചാൽ ഉടനെ പുതിയ പാലവും നിർമ്മിക്കാൻ ആകും.


