പത്തനംതിട്ട: മദ്യക്കുപ്പിയില്‍ രേഖപ്പെടുത്തിയ പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയ സംഭവത്തില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് പെരുനാട് ഡിപ്പോ മാനേജര്‍ക്കെതിരെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന് നടപടി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉള്‍പ്പെടെ ആകെ 25,010 രൂപ നല്കാന് കമ്മിഷന് ഉത്തരവിട്ടു. റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തില്‍ എ.ടി ആകാശ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന് എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്.
പെരുനാട്ടില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസ് ഔട്ട്ലെറ്റില് നിന്നും ഹര്ജിക്കാരന് 650 മില്ലി.ലിറ്റര്‍ ബിയര്‍ വാങ്ങിയപ്പോഴാണ് സംഭവം.
ബിയര്‍ കുപ്പിയില്‍ രേഖപ്പെടുത്തിയിരുന്ന എം.ആര്.പി 170 രൂപ മാത്രമായിരുന്നു. എന്നാല്‍ കൗണ്ടറിലെ ജീവനക്കാര്‍ ബില്ല് നല്‍കിയത് 180 രൂപയ്ക്കാണ്. കുപ്പിയിലെ വിലയേക്കാള്‍ 10 രൂപ കൂടുതല്‍ ഈടാക്കിയത് ചോദ്യം ചെയ്ത ഹര്‍ജിക്കാരനോട്, കമ്പ്യൂട്ടറിലെ എം.ആര്.പി പ്രകാരമുള്ള തുകയേ വാങ്ങാന്‍ കഴിയൂ എന്നും പരാതിയുണ്ടെങ്കില്‍ നല്‍കിക്കൊള്ളാനും ജീവനക്കാര്‍ മോശമായ രീതിയില്‍ മറുപടി നല്കി.
പഴയ എം.ആര്.പി രേഖപ്പെടുത്തിയ സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വില്ക്കാന് അനുമതി നല്കുന്ന ഗവണ്മെന്റ് ഓര്‍ഡര്‍ ഉണ്ടെന്നായിരുന്നു ബിവറേജസ് കോര്‍പ്പറേഷന്റെ വാദം. ഗവണ്മെന്റിന്റെ ഈ നിര്‍ദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മിഷന് കണ്ടെത്തി. 2009ലെ ലീഗല്‍ മെട്രോളജി ആക്ട് സെക്ഷന്‍ 2(1))മദ്യകുപ്പി പ്രീ പാക്കേജ് ചരക്കാണ്. ഈ നിയമത്തിലെ (റൂള്‍ 18(2)) എന്നിവ പ്രകാരം പ്രീപാക്കേജ് ചെയ്ത ഒരു ഉല്‍പ്പന്നത്തിന്റെ മേല്‍ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കാന്‍ പാടുള്ളതല്ല. പഴയ സ്റ്റോക്കുകള്‍ തീരുന്നതുവരെ പുതിയ ലേബലില്‍ ഉയര്‍ന്ന വില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര രീതിയാണ്.
ഒരു ഉപഭോക്താവിന് ആവശ്യമുള്ളപ്പോള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. കുപ്പിയില്‍ അച്ചടിച്ചിരിക്കുന്ന എം.ആര്.പി വില തന്നെയാണ് അന്തിമം. എതിര്‍കക്ഷിയുടെ ഈ നടപടി അന്യായമായ വ്യാപാര രീതിയുടെ വ്യക്തമായ തെളിവാണെന്നും ഉപഭോക്തൃ കമ്മിഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് 25,010 രൂപ നല്‍കാനാണ് വിധി. നിശ്ചിത സമയത്തിനകം നഷ്ടപരിഹാരം പരാതിക്കാരന് നല്‍കണമെന്നും കമ്മിഷന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


