പത്തനംതിട്ട – 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ഹരിത വോട്ട് വണ്ടി ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണൻ കലക്ടറേറ്റിൽ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക, പോളിംഗ്ബൂത്തുകളിലും പരിസരങ്ങളിലും മാലിന്യംകുറയ്ക്കുക തുടങ്ങിയവയാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിനൊപ്പം തന്നെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് വോട്ട് വണ്ടിയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്ളെക്സ് എന്നിവ ഒഴിവാക്കി തുണി, പേപ്പർ, പനയോല തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത്. പരിസ്ഥിതിബോധമുള്ള പുതിയ തലമുറയെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാൻ കലാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ട് വണ്ടി എത്തും. ജില്ലാ ജോയിന്റ് ഡയറക്ടർ തദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ, സ്വീപ്പ് നോഡൽ ഓഫീസർ, ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


