മലയാലപ്പുഴ തിരുവുത്സവം : പൊലിസ് കൺട്രോൾ റൂം തുറക്കും ; ജില്ലാ കലക്ടറിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മലയാലപ്പുഴ തിരുവുത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപം പൊലിസ് കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ ഉത്സവത്തോടനുബന്ധിച്ച് ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു ജില്ലാ കലക്ടർ. ക്രമസമാധാനം, സുരക്ഷാ ക്രമീകരണം എന്നിവ പൊലിസ് ഉറപ്പാക്കും. വനിതാ പോലീസ് ഉൾപ്പടെ മഫ്തിയിലുണ്ടാകും. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളോടെ സഹകരണത്തോടെ വാഹന പാർക്കിംഗ് ഏർപ്പെടുത്തും.

ക്ഷേത്രപരിസരത്ത് ഫയർ ഫോഴ്സ് സേവനം ലഭ്യമാക്കും. ഡോക്ടർ ഉൾപ്പെടെ ആംബുലൻസ് സൗകര്യം, മരുന്നുകളുടെ ലഭ്യത എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ഹോട്ടലിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും. ക്ലോറിനേഷൻ ശക്തമാക്കും.
ഉത്സവദിവസങ്ങളിൽ തടസം കൂടാതെയുള്ള വൈദ്യുതി വിതരണത്തിന് കെഎസ്ഇബിയെ ചുമതലപ്പെടുത്തി. പൊങ്കാല ദിവസവും മറ്റ് ദിവസങ്ങളിലും ജല അതോറിറ്റി കുടിവെള്ളം ക്രമീകരിക്കും. വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കും. മലയാലപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബയോടോയ്ലറ്റ് ക്രമീകരിക്കും. മാലിന്യ സംസ്‌കരണത്തിന് സംവിധാനമുണ്ടാകും. ഹരിതകർമ സേനാംഗങ്ങളെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തും. വ്യാജമദ്യ വിൽപന, നിരോധിത ലഹരി വസ്തുക്കളുടെ വിൽപന തടയുന്നതിനുള്ള നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കും.

എഴുന്നള്ളത്തിനുള്ള ആനകളുടെ ഫിറ്റ്നസും ഇൻഷൂറൻസും വനം വകുപ്പ് ഉറപ്പാക്കും. എലിഫന്റ് സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കും. ആനകളുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടർമാർ പരിശോധിക്കും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് അടൂർ ആർഡിഒയെ ചുമതലപ്പെടുത്തി. ഉത്സവം ഫെബ്രുവരി 27ന് ആരംഭിക്കും.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ഉദ്യോഗസ്ഥർ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *