പത്തനംതിട്ട – ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട കളക്ടറേറ്റിൽ തയ്യാറാക്കിയിരിക്കുന്ന ആരോഗ്യ ബോധവൽക്കരണസന്ദേശ ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി നിർവഹിച്ചു. കളക്ടറേറ്റിൽ എത്തുന്ന പൊതുജനങ്ങൾക്ക് വിവിധ ആരോഗ്യസേവനങ്ങളെക്കുറിച്ച് അറിയാനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനും ഉതകുന്ന സന്ദേശമാണ് പ്രദർശനത്തിലുള്ളത്. ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. ടി ജോൺ , ഡെപ്യൂട്ടി ഡി.എം. ഒ മാരായ ഡോ. ഐപ്പ് ജോസഫ്, ഡോ. കെ ജീവൻ, ഡെപ്യൂട്ടി മാസ് എജ്യൂക്കേഷൻ മീഡിയ ഓഫീസർ എം പി ബിജുകുമാർ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി ആദ്യവാരം ആരംഭിച്ച് മാർച്ച് ആദ്യവാരം പ്രദർശനം അവസാനിക്കും. ജില്ലയിലുടനീളം ഹെൽത്തി കേരള ഫീൽഡ് കാമ്പയിൻ വാഹനം പര്യടനവുമുണ്ട്. ഹെൽത്തി കേരള ഫീൽഡ് കാമ്പയിനോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ആരോഗ്യ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സ്ഥാപനങ്ങളിൽ പ്രദർശനം, ആരോഗ്യ പരിശോധന, വെൽനസ് സെഷൻ, ബോധവൽക്കരണ പരിപാടി എന്നിവയും നടത്തുന്നു. ജീവിതശൈലി രോഗ പരിശോധന, ഏതെല്ലാം കേന്ദ്രങ്ങളിൽ വിവിധ ആരോഗ്യ പരിശോധന നടത്താം, വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനം, ജില്ലയിലെ ആരോഗ്യ മേഖലയിൽ ഉണ്ടായ വികസന പ്രവർത്തനം എന്നിവ ഉൾക്കൊള്ളിച്ച് വീഡിയോ, പോസ്റ്റർ എന്നിവയുടെ പ്രചരണവും ആരോഗ്യ സന്ദേശയാത്ര വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.


