പത്തനംതിട്ട: ജനറേറ്ററിൽ നിന്ന് തീ പടർന്ന് ഓമല്ലൂർ ക്ഷേത്രത്തിന് സമീപമുള്ള നീതി സൂപ്പർ മാർക്കറ്റും ഗോഡൗണും കത്തി നശിച്ചു. ഫയർ ഫോഴ്സ് പമ്പ് ചെയ്ത വെള്ളം വീണ് സാധനങ്ങൾക്കും കേടുപാട്. ആകെ 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഗോഡൗണിൽ ജനറേറ്റർ സൂക്ഷിച്ചിരുന്ന ഭാഗത്ത് നിന്ന് തീ പടർന്നു. ആദ്യം അവിടെയുണ്ടായിരുന്ന ഉപയോഗശൂന്യമായ കവറുകളിലും ചാക്കുകളിലുമാണ് അഗ്നിബാധ ഉണ്ടായത്. ജനറേറ്ററിന്റെ സ്വിച്ച് ബോർഡും വയറിങും മുഴുവൻ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് സംശം. പാഴ്വസ്തുക്കിൽ നിന്ന് ആളിപ്പടർന്ന തീ പിന്നീട് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങൾ, മുളക്, മല്ലി,അരി, മൈദ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവയിലേക്കും പടർന്നു.
വിവരമറിഞ്ഞ് പത്തനംതിട്ട, അടൂർ ഫയർ സ്റ്റേഷനുകളിൽ നിന്നായി ഉദ്യോഗസ്ഥർ പാഞ്ഞെത്തി. തീയണയ്ക്കുന്നതിന് വേണ്ടി പമ്പ് ചെയ്ത വെള്ളം വീണ് സാധനങ്ങൾ നശിച്ചിട്ടുണ്ട്. പുക വ്യാപിച്ചും സാധനങ്ങൾ ഉപയോഗ ശൂന്യമായി. സൂപ്പർ മാർക്കറ്റിലെ വിവിധ സാധനങ്ങൾ സൂക്ഷിച്ചിരുന്നത് കടയോട് ചേർന്ന ഗോഡൗണിലായിരുന്നു. അടുത്ത കാലത്ത് നിർമിച്ച കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. ഇവിടെ സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയിട്ടും ഒരു ആകുന്നതേയുള്ളൂ.
നീതി സ്റോറിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് പുക വ്യാപിച്ചു. പട്ടികജാതി സർവീസ് സഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന നീതി സൂപ്പർ മാർക്കറ്റാണിത്.


