പത്തനംതിട്ട – ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തിന് ‘ക്യാപ്സ്യൂൾ’ നിർമ്മിച്ച സിപിഎം ജില്ലാ കമ്മറ്റിയുടെ പണി പാളി. കുപ്രചാരണം ഭഗവാൻ പൊറുക്കില്ലെന്ന ആദ്യ പ്രസ്താവന അബദ്ധം മനസിലാക്കി ജില്ലാ കമ്മറ്റിക്ക് തിരുത്തേണ്ടി വന്നു. ഭഗവാൻ പൊറുക്കില്ല എന്നതിന് പകരം ആചാരലംഘനം എന്ന വാക്ക് ചേർക്കുകയായിരുന്നു. ഭഗവാൻ പൊറുത്താലും അണികൾ പൊറുക്കില്ലെന്ന് കണ്ടാണ് ജില്ലാ കമ്മറ്റിയുടെ മലക്കം മറിച്ചിൽ. ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ല എന്ന വാചകമാണ് തിരുത്തിയത്. ഈ വാചകം ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ലെന്ന് മാത്രമല്ല, പൊറുക്കില്ലെന്നത് ഓർക്കുന്നത് നന്ന് എന്നാക്കി മാറ്റുകയാണ് ചെയ്തത്.
സെപ്റ്റംബർ 14 ന് ആറന്മുള ക്ഷേത്രത്തിൽ നടന്ന വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്നത് വ്യാജപ്രചാരണമാണെന്നും അത് ചില സംഘപരിവാർ മാധ്യമങ്ങൾ ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ പ്രചാരണം നടത്തുന്നുവെന്നുമായിരുന്നു ‘ഒരു പച്ചക്കള്ളം കൂടി പൊളിച്ചടുക്കുന്നു’ എന്ന തലക്കെട്ടിൽ വന്ന സാമൂഹിക മാധ്യമ വിശദീകരണക്കുറിപ്പിൽ സിപിഎം ജില്ലാ കമ്മറ്റി പറഞ്ഞിരുന്നത്.
അതിങ്ങനെ:
ഒരു പച്ചക്കള്ളം കൂടി പൊളിച്ചടുക്കുന്നു.
ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് വ്യാജ വാർത്തകൾ പെരുകുകയാണ്.
അഷ്ടമിരോഹിണി വള്ള സദ്യയിൽ ആചാരം ലംഘിച്ച് മന്ത്രിക്ക് സദ്യ വിളമ്പി എന്നാണ് പുതിയ ആരോപണം.
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം.
മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികൾ രാവിലെ പത്തരയോടെ ക്ഷേത്രത്തിൽ എത്തി.
11 നാണ് ചടങ്ങ് തുടങ്ങുക എന്ന് ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് ദേവസ്വം ഓഫീസിൽ വിശ്രമിച്ചു.
തുടർന്ന് 11 മണിയോടെ കൊടിമരച്ചുവട്ടിൽ എത്തി. 11.5 ന് അവിടെ വിഭവങ്ങൾ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ ഉൾപ്പെടെ ഭാരവാഹികൾ സന്നിഹിതരായിരുന്നു.
തുടർന്ന് മേൽശാന്തി ശ്രീകോവിലിനുള്ളിൽ ഭഗവാന് സദ്യ നേദിച്ചു.
11.20ന് ആ ചടങ്ങുകൾ പൂർത്തിയായി.
തുടർന്ന് മന്ത്രിയും പള്ളിയോട സേവാസംഘം ഭാരവാഹികളും വള്ളക്കടവിലെത്തി.
പള്ളിയോടങ്ങൾ തുഴഞ്ഞെത്തിയ കരക്കാരെ ആചാരപരമായി വെറ്റില പുകയില നൽകി വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നത്.
വസ്തുത ഇതായിരിക്കെ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് ചില സംഘപരിവാർ മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്.
അത് ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമം.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെയും മുഴുവൻ കമ്മിറ്റിയംഗങ്ങളുടെയും പൂർണ്ണമായ നിർദ്ദേശപ്രകാരമാണ് മന്ത്രി ഓരോ ചടങ്ങിലും പങ്കെടുത്തത്.
ആരോപണം വന്നപ്പോൾ തന്നെ കെ വി സാംബദേവൻ മാധ്യമങ്ങളോട് വസ്തുതകൾ വിശദീകരിച്ചതുമാണ്.
ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്ന് മാത്രമല്ല, പൊറുക്കുമില്ലെന്ന് ഓർക്കുന്നത് നന്ന്.
ഇതിൽ അവസാന ഖണ്ഡികയാണ് തിരുത്തേണ്ടി വന്നത്. വൈരുദ്ധ്യാത്മിക ഭൗതിക വാദം പറയുന്ന സിപിഎം രക്ഷപ്പെടാൻ വേണ്ടി ഭഗവാനെ കൂട്ടുപിടിച്ചുവെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് കുറിപ്പ് തിരുത്തിയത്.


