ഇന്ത്യൻ വിപണിയിൽ ഉള്ളിയുടെ വിലകയറിയത് വൻ വാർത്തയാകുന്നു. എന്നാൽ ഇപ്പോൾ ഉപഭോക്താക്കളെ ഞെട്ടിക്കുന്നത് തക്കാളിയുടെ വിലയാണ്. മൂന്നാല് ദിവസമായി റോക്കറ്റ് പോലെ കുതിച്ചുയരുന്ന തക്കാളിവില ബംഗലുരുവിൽ കിലോയ്ക്ക് 100 ആയി. വരും ദിവസങ്ങളിൽ ഇനിയും കയറുമെന്നാണ് സൂചന.
ഇന്ത്യയുടെ പല ഭാഗങ്ങളിലും 80 ന് മുകളിലാണ് തക്കാളി വില. മഴ പലയിടത്തും തക്കാളികൃഷിയെ ബാധിച്ചതാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. ഡൽഹിയിൽ 80 രൂപയ്ക്കാണ് ഒരുകിലോ തക്കാളി വിൽക്കുന്നത്. ബംഗലുരുവിലും റായ്പൂരിലുമെല്ലാം വില 100 രൂപ കടന്നു. വില ഇനിയും കൂടി കിലോയ്ക്ക് 80-120 ലേക്ക് ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലേക്കും മറ്റും തക്കാളി സാധാരണ എത്തുന്നത് ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നെല്ലാമാണ്. ഇവിടെ നിന്നുള്ള തക്കാളിവരവ് കുറഞ്ഞതോടെ കച്ചവടക്കാർ ബംഗലുരുവിലെ പ്ലാന്റുകളിൽ നിന്നും പച്ചക്കറി വാങ്ങേണ്ട സ്ഥിതിയാണ്. വടക്കൻ മേഖലയിൽ തക്കാളിവില 30-80 ആണ്. പടിഞ്ഞാറൻ ഭാഗത്ത് അത് 30-85 നിരക്കിലും കിഴക്കൻമേഖലയിൽ 40-80 നിരക്കിലുമാണ് വിൽപ്പന നടക്കുന്നത്. അതേസമയം മൊത്തവില 60-75 ആണ്. കഴിഞ്ഞ രണ്ടുദിവസം കൊണ്ടാണ് വില ഇരട്ടിയായത്. ബംഗലുരുവിലെ വിലവർദ്ധനവ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനെ വലിയ തോതിൽ ബാധിക്കും.


