ബസില്ല. ഹോസ്റ്റലില്ല. സ്വന്തമാക്കിയ കെട്ടിടമില്ല. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമില്ല. അടിസ്ഥാന സൗകര്യവുമില്ല : തട്ടിക്കൂട്ട് സർക്കാർ നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ സമരത്തിലാണ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ സർക്കാർ നഴ്‌സിങ് കോളജിൽ വീണ്ടും വിദ്യാർഥികൾ സമരത്തിൽ. ഗതികേടു കൊണ്ടാണ് പെരുമഴയത്തും വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. മെറിറ്റിൽ പ്രവേശനം നേടി വന്ന കുട്ടികളാണ് മന്ത്രിയുടെ ചതി കാരണം പെരുവഴിയിലാകുന്നത്. സ്വന്തമായി കെട്ടിടമില്ല, ബസും അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ഗതികെട്ട വിദ്യാർഥികൾ പഠിപ്പ് മുടക്കി പ്രിൻസിപ്പലിനെ ഉപരോധിച്ചു. വൈകിട്ട് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒരു തീരുമാനവുമായില്ല.

കാതോലിക്കറ്റ് കോളേജ് ജങ്ഷനിലെ വാടക കെട്ടിടത്തിലെ ഇടുങ്ങിയ ഹാളിലാണ് ക്ലാസ് നടക്കുന്നത്. സ്വന്തമായി ബസില്ല. അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നും ഇവിടെ ഇല്ല. പഠനാവശ്യത്തിന് കോന്നി മെഡിക്കൽ കോളജിലും മറ്റും പോകാൻ സൗകര്യം ഇല്ലാതായതോടെ മൂന്നു ദിവസമായി കുട്ടികൾ ക്ലാസിൽ പോകുന്നില്ല. അടിസ്ഥാന സൗകര്യങ്ങളിലെ അഭാവത്തെ തുടർന്ന് കുട്ടികൾ കഴിഞ്ഞ വർഷം സമരത്തിന് ഇറങ്ങിയത് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് അധികൃതർക്കും അത്ര പിടിച്ചില്ല. വിമർശനത്തിന് നേരെ രൂക്ഷമായിട്ടാണ് മന്ത്രി പ്രതികരിക്കുക. പ്രതികാര നടപടികളും ഉണ്ടാകും. മന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് കുട്ടികൾ മാർച്ച് നടത്തിയതാണ് വീണയുടെ കോപത്തിന് കാരണമായത്.

കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടവും ബസും അനുവദിക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. പക്ഷേ, ഒന്നും നടന്നില്ല. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ അഞ്ചു നഴ്‌സിംഗ് സ്‌കൂളുകൾക്കും മൂന്ന് ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകൾക്കും ബസുകൾ അനുവദിച്ചിട്ടും പത്തനംതിട്ടയ്ക്ക് കൊടുത്തില്ല. കേരള നഴ്‌സിങ് ആന്റ് മിഡ് വൈവ്‌സ് കൗൺസിൽ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകൾ വാങ്ങിയത്. ഇക്കൂട്ടത്തിൽ ജില്ലയിലെ ഇലന്തൂർ നഴ്‌സിംഗ് സ്‌കൂളുകളിലും ബസ് അനുവദിച്ചു.

2023 ലാണ് പത്തനംതിട്ട നഴ്‌സിങ് കോളേജ് ആരംഭിച്ചത്. നാല് വർഷത്തെ ബി.എസ്.സി നഴ്‌സിംഗിന് രണ്ട് ബാച്ചുകളിലുമായി 120 ഓളം കുട്ടികളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഉയർന്ന മാർക്ക് വാങ്ങി മെറിറ്റ് സീറ്റിൽ
പ്രവേശനംനേടിയവരാണ് എല്ലാവരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുട്ടികളുമുണ്ട്. മൂന്നാമത്തെ ബാച്ചിന്റെ പ്രവേശന നടപടിയും ആയിട്ടുണ്ട്. ഹോസ്റ്റൽ, ഗേൾസ് ഹോസ്റ്റൽ, കാന്റീൻ, ലൈബ്രറി, കോളേജ് ബസ്, വൈഫൈ, ഓഡിറ്റോറിയം എന്നിവയെല്ലാം വാഗ്ദാനം ചെയ്താണ് കുട്ടികളെ പ്രവേശിപ്പിച്ചത്. എന്നാൽ ഇവയൊന്നും ഇവിടെയില്ല. വേണ്ടത്ര അധ്യാപകർ പോലും ഇല്ല. പരാതി പറഞ്ഞാൽ വിദ്യാർത്ഥികളെ ഇന്റേണൽ മാർക്ക് തരില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും രക്ഷിതാക്കൾപറയുന്നു.

നിലവിൽ ഐ.എൻ.സി അംഗീകാരവും ലഭിച്ചിട്ടില്ല. അംഗീകാരത്തിന് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ ചില മാനദണ്ഡങ്ങൾ നിഷ്‌കർഷിക്കുന്നുണ്ട്. . . കഴിഞ്ഞ ആഴ്ച ഓഫീസ് പ്രവർത്തിക്കാനായി ഒരു മുറി കോളജിന് മുന്നിൽ വാടകക്ക് എടുത്തിട്ടുണ്ട്. ക്ലിനിക്കൽ സൗകര്യം ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റർ അപ്പുറമുള്ള കോന്നി മെഡിക്കൽ കോളേജിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൗകര്യം ഇല്ലാതെ വന്നതോടെ കോന്നി, കോട്ടയം മെഡിക്കൽ കോളജുകളിലാണ് പഠന ആവശ്യത്തിന് പോകേണ്ടത്.

വിദ്യാർത്ഥികൾക്കായി അടിയന്തിരമായി ഇടപെടണം: സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് കത്തയച്ചു

പത്തനംതിട്ട: ഗവ. കോളേജ് ഓഫ് നഴ്‌സിങ്ങിലെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി വർദ്ധിപ്പിച്ച് വിദ്യാർത്ഥികളുടെ അനിശ്ചിത കാല സമരം ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി പത്തനംതിട്ട ഗവ: കോളേജ് ഓഫ് നഴ്‌സിംഗ് തുടങ്ങി ക്ലാസുകൾ ആരംഭിച്ചത് 2023 2024 അദ്ധ്യയന വർഷമാണ്. എന്നാൽ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ താഴെ പറയുന്ന അപര്യാപ്തതകൾ മൂലം കുട്ടികൾ അനിശ്ചിത കാല സമരം തുടങ്ങിയിരിക്കുകയാണ്.

1.കോളേജ് കെട്ടിടം

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മാനദണ്ഡ പ്രകാരം കോളേജ് തുടങ്ങുമ്പോൾ താല്ക്കാലിക കെട്ടിടത്തിൽ തുടങ്ങാൻ അനുമതി ഉണ്ടെകിലും രണ്ടു വർഷത്തിനുള്ളിൽ സ്വന്തം കെട്ടിടം നിർമ്മിച്ച് കൗൺസിൽ മാനദണ്ഡ പ്രകാരം സ്വന്തം കേട്ടിടത്തിലേക്ക് മാറണം എന്നതാണ് വ്യവസ്ഥ . എന്നാൽ കോളേജ് തുടങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ പ്രാരംഭ നടപടികൾ പോലും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല . നിലവിലുള്ള കെട്ടിടത്തിൽ എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനുള്ള ക്ലാസ് മുറികൾ ഇല്ല . രണ്ടു ബാച്ച് ബി എസ് സി നഴ്‌സിംഗ് വിദ്യാർത്ഥികൾ ഉള്ള കോളേജിൽ ഒരു ക്ലാസ് മുറി മാത്രമാണുള്ളത് . മൂന്നാമത്തെ ബാച്ച് അഡ്മിഷൻ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 120 വിദ്യാത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ രണ്ടു ശുചിമുറി മാത്രമാണുള്ളത്. നടപടികൾ കൈക്കൊള്ളണം.

2. ഗവഃ മെഡിക്കൽ കോളേജ് ,പത്തനംതിട്ട
കേരളത്തിലെ മറ്റു 13 ഗവഃ നഴ്‌സിംഗ് കോളേജുകളും പ്രവർത്തിക്കുന്നത് സർക്കാർ മെഡിക്കൽ കോളേജുകളോട് ചേർന്നാണ് .എന്നാൽ പത്തനംതിട്ട ഗവഃ നഴ്‌സിംഗ് കോളേജ് മെഡിക്കൽ കോളേജിൽ നിന്നും 16 കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത് . ഇത് മൂലം കുട്ടികൾ മെഡിക്കൽ കോളേജ് അധ്യാപകരുടെ ക്ലാസ്സുകൾക്കും മറ്റും െ്രെപവറ്റ് ബസ് കയറിയാണ് ദിവസവും പോകുന്നത് .കൂടാതെ ഗവഃ മെഡിക്കൽ കോളേജ് ആശുപത്രി പത്തനംതിട്ടയിൽ ക്ലിനിക്കൽ പരീശിലനവും ലഭിക്കുന്നില്ല. വിഷയത്തിൽ സർക്കാർ അടിയന്തിരനടപടി കൈക്കൊള്ളണം

3.ഹോസ്റ്റൽ

കോളേജിന് സ്വന്തമായി ഹോസ്റ്റൽ ഇല്ലാത്ത സാഹചര്യത്തിൽ കോളേജിൽ നിന്നും മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ ഹോസ്റ്റലിൽ താമസവും ഭക്ഷണവും അടക്കം 6000 / രൂപ മാസം അടച്ച് താമസിച്ചു കൊണ്ടിരിക്കുന്നത് . വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് അടിയന്തിര ഇടപെടൽ ഉണ്ടാകണം .

4.കോളേജ് ബസ്

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ കോളേജിന് സ്വന്തമായി കോളേജ് ബസ് വേണമെന്നുള്ളതാണ് . എന്നാൽ ഇത് വരെ കോളേജ് ബസ് വാങ്ങുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല . അത് മൂലം കമ്മ്യൂണിറ്റി പരിശീലനം ,കോന്നി ഗവഃ മെഡിക്കൽ കോളേജിൽ ക്ലാസ്സിന് പോകുന്നത് .പുറത്തുള്ള ക്ലിനിക്കൽ പോസ്റ്റിങ്ങ് ,കലാ കായിക മത്സരങ്ങൾ ,എന്നിവക്ക് സ്വകാര്യ വാഹനങ്ങൾക്ക് പോകേണ്ട സ്ഥിതിയാണ് .

5. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മാനദണ്ഡ പ്രകാരം അധ്യാപക വിദ്യാർത്ഥി അനുപാതം 1:10 വേണമെന്നുള്ളതാണ്. എന്നാൽ നിലവിൽ രണ്ടു ബാച്ച് വിദ്യാർത്ഥികൾക്ക്(120വിദ്യാർത്ഥികൾക്ക്) വേണ്ടി കൃത്യമായ അനുപാതത്തിൽ അധ്യാപകരെ നിയമിച്ചിട്ടില്ല.ആയതിനാൽ അടിയന്തിര നടപടികൾ കൈക്കൊള്ളണം.

Leave a Reply

Your email address will not be published. Required fields are marked *