പ്രധാനമന്ത്രിയെത്തി സന്യാസ വന്ദനത്തിനു ശേഷം ഗുരുദേവ – ഗാന്ധിജി കൂടിക്കാഴ്ച ശതാബ്ദി ആഘോഷം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു

India
Print Friendly, PDF & Email

ന്യൂഡൽഹി – മഹാത്മാ ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ നൂറാം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം അൽപ്പം മുമ്പ് ന്യൂഡൽഹി വിജ്ഞാൻഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, യു.ഡി.എഫ് കൺവീർ അടൂർ പ്രകാശ് എം.പി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സുരേഷ്‌ഗോപി അടക്കം പങ്കെടുത്ത പരിപാടിയിൽ ഡൽഹിയിലെ 1200 ഓളം വിശിഷ്ട വ്യക്തികളായ പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു.

ശ്രീനാരായണ ഗുരുദേവന്റ ദർശനമാണ് ഭാരതത്തിന്റെ ആത്മാവ് എന്ന് പലവിധ കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സന്യാസി വര്യന്മാരെ വാങ്ങിയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയുമാണ് പ്രധാനമന്ത്രി വേദിയിലേക്കെത്തിയത്.

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു . ഗാന്ധിജി – ഗുരുദേവൻ കൂടിക്കാഴ്ച സംബന്ധിച്ച് സ്വാമി സച്ചിദാനന്ദ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ച പുസ്തകം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു.

ഇന്ന് ഉച്ചയ്‌ക്ക് 12.15ന് ‘ലോകസമാധാനം ശ്രീനാരായണ ഗുരു ദർശനത്തിലൂടെ’ എന്ന വിഷയത്തിൽ നടക്കുന്ന സെഷൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, അനീഷ് ദാമോദരൻ എന്നിവരും പങ്കെടുക്കും. കെ.പി.എം.എസ് ഡൽഹി പ്രസിഡന്റ് കെ.രാജു, കെ.ജി. ബാബുരാജ്, കെ.മുരളീധരൻ, ഡോ.എ.വി. അനൂപ്, വി.കെ.മുരളീധരൻ, ജി.കോമളൻ, സുരേഷ് കുമാർ മധുസൂതനൻ, എം.കെ.ജി. പിള്ള തുടങ്ങിയവരെ ആദരിക്കും.

സംഘാടക സമിതി ജനറൽ കൺവീനർ ബാബു പണിക്കർ സ്വാഗതവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നന്ദിയും പറയും. 2.30ന് ഗുരുദേവൻ-ഗാന്ധി കൂടിക്കാഴ്‌ച ചരിത്രവും സമകാലിക പ്രസക്തിയും എന്ന ചർച്ച ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത ഉദ്ഘാടനം ചെയ്യും. അറ്റോർണി ജനറൽ വെങ്കട്ടരമണി അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കൊടുക്കുന്നിൽ സുരേഷ്, എ.എ.റഹീം, ഡൽഹി ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീനാ ബാബുറാം തുടങ്ങിയവർ പങ്കെടുക്കും.

@ ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നിന്ന് ബിജു തങ്കപ്പന്റെ തത്സമയ റിപ്പോർട്ടിനൊപ്പം, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *