പന്തളം – ഗവണ്മെന്റ് യു പി സ്കൂളിൽ നിന്ന് മൈക്കും ആംപ്ലിഫയറും കേബിളുകളും മോഷ്ടിച്ച പ്രതികളെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ചെന്നീർക്കര ഊന്നുകൽ പനയ്ക്കൽ എരുത്തിപ്പാട്ട് വലിയമുറി വീട്ടിൽ അരുൺ(25), പ്രക്കാനം നാഗവര മുരുപ്പേൽ വീട്ടിൽ മിഥുൻ( 25) എന്നിവരാണ് അറസ്റ്റിലായത്. നിരവധി പ്രതികളുള്ള ഇലവുംതിട്ടയിലെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടയാളാണ് അരുൺ. കഞ്ചാവ് ബീഡി വലിച്ചതിന് ഇലവുംതിട്ട പോലീസ് എടുത്ത കേസിലും കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതിയാണ്. ഇയാൾക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് ഇലവുംതിട്ട സ്റ്റേഷനിൽ നിലവിലുണ്ട്. 21 ന് രാത്രിയും പിറ്റേന്ന് പുലർച്ചെക്കുമിടയിലാണ് മോഷണം നടത്തിയത്.
ഹാളിനുള്ളിൽ കമ്പ്യൂട്ടർ മേശമേൽ വച്ചിരുന്ന രണ്ടു മൈക്കുകളും ഒരു ആംപ്ലിഫയറും രണ്ടു കേബിളുകളുമാണ് മോഷ്ടിച്ചത്. 17,000 രൂപയുടെ സാധനങ്ങളാ് മോഷ്ടിച്ചത്. നാലു സി.സി.ടി.വി ക്യാമറകളിൽ ഹാളിന്റെ ഭാഗത്തേക്കുള്ളത് മുകളിലേക്ക് തിരിച്ചു വച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയത്. സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പോലീസ് സംഘം വിശദമായി പരിശോധിച്ചിരുന്നു. കൂടാതെ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തവരുടെ വിവരങ്ങളും ശേഖരിച്ചു. തുടർന്ന് പ്രതികളെ തിരിച്ചറിയുകയും, മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. തങ്ങളെ പോലീസ് തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയ യുവാക്കൾ ഫോൺ ഓഫ് ചെയ്തശേഷം മുങ്ങി. ഒരാൾ ബന്ധുവീട്ടിലെ പറമ്പിൽ ഒളിച്ചിരുന്നു, മറ്റേയാൾ കൂട്ടുകാരനുമൊത്ത് ബൈക്കിൽ പത്തനംതിട്ട ഭാഗത്ത് കറങ്ങി നടന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പ്രതികൾ ഫോൺ ഓണാക്കിയില്ല. തുടർന്ന് ഇവരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്തി അവരുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെ തന്ത്രപരമായി കുടുക്കുകയായിരുന്നു പോലീസ്. ഫോണുകൾ ഓഫാക്കി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അതിനുള്ള അവസരം കൊടുക്കാതെ തന്ത്രപരമായ നീക്കങ്ങളിലൂടെ 24 മണിക്കൂറിനകം കസ്റ്റഡിയിലെടുക്കാൻ പന്തളം പോലീസിന് സാധിച്ചു. എസ്.എച്ച്.ഓ ടി.ഡി. പ്രജീഷ് മേൽനോട്ടം വഹിച്ച അന്വേഷണ സംഘത്തിൽ എസ്.ഐ അനീഷ് എബ്രഹാം, എസ്.സി.പി.ഓമാരായ ജയൻ, അമീഷ്, സി.പി.ഓമാരായ രഞ്ജിത്ത് അമൽ ഹനീഫ് എന്നിവരാണ് ഉണ്ടായിരുന്നത്.


