കുവൈറ്റിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം ഇന്ന് ഉച്ചക്ക് സബാഹ് ആശുപത്രിയിലെ മോർച്ചറി പരിസരത്ത് പൊതുദർശനം; വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും

World
Print Friendly, PDF & Email

കുവൈറ്റ് സിറ്റി : മെയ് 05 , കുവൈറ്റിലെ അബ്ബാസിയയിൽ കഴിഞ്ഞ വ്യാഴാഴ്ച കാലത്ത് താമസിക്കുന്ന ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടു പോകും. ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ 2 മണി വരെ സബാഹ് ആശുപത്രിയിലെ മോർച്ചറി പരിസരത്ത് ഇരുവരുടെയും മൃതദേഹങ്ങൾ പൊതു ദർശനത്തിനു വെക്കും.

കഴിഞ്ഞ വ്യാഴാഴ്ച കാലത്താണ് എറണാകുളം പെരുമ്പാവൂർ കീഴില്ലം സ്വദേശി ബിൻസി തോമസ് (38),ഭർത്താവ് കണ്ണൂർ മണ്ടളം സ്വദേശി കുഴിയത്ത് സൂരജ് ജോൺ (40) ,എന്നിവരെ അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പരിസരത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.. സംഭവ ദിവസം കാലത്ത് കെട്ടിടത്തിലെ കാവൽക്കാരൻ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി വാതിൽ മുട്ടിയിരുന്നു. എന്നാൽ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇയാൾ ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുകയും വാതിലിൽ മുട്ടുകയുയും ചെയ്തെങ്കിലും വാതിൽ തുറന്നിരുന്നില്ല. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് അനുമതി വാങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വാതിൽ തകർത്തു അകത്ത് പ്രവേശിക്കുകയായിരുന്നു ഭാര്യയുടെ മൃതദേഹം കഴുത്തറത്ത നിലയിലാണ് തറയിൽ കിടന്നിരുന്നത്.

റൂമിൽ രക്തം തളം കെട്ടി നിൽക്കുകയും ചെയ്തിരുന്നു.. പിന്നീട് റൂമിന്റെ മറ്റൊരു ഭാഗത്താണ് ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇരുവരുടെയും മൊബൈൽ ഫോണുകളും കെട്ടിടത്തിലെ സീ സീ ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കൊലപാതത്തിലേക്ക് നയിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *