കൊൽക്കത്തയെ തകർത്ത് ബെംഗളൂരു ; ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിലെ വിജയം വിരാട് കോഹ് ‌ലിയുടെ ടീമിന്

Sports
Print Friendly, PDF & Email

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ വർഷത്തെ (ടാറ്റാ ഐപിഎൽ) ആദ്യ മത്സരത്തിൽ ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയിച്ചു. ഏഴ് വിക്കറ്റിനാണ് ബംഗളൂരു ആർസിബിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം 22 പന്തുകൾ ബാക്കി നിൽക്കെ ആർസിബി ബംഗളൂരു മറികടന്നു.

വിരാട് കോലിയുടേയും ഫിൽ സാൾട്ടിന്റേയും ഹാഫ് സെഞ്ചുറികളാണ് ബെംഗളൂരുവിന്റെ വിജയത്തിന് നെടുംതൂണായത്. നാല് ഫോറും മൂന്ന് സിക്സറുകളുമായി 30 പന്തുകളിലാണ് കോലി ഹാഫ് സെഞ്ചുറി നേടിയത്. 25 പന്തിൽ എട്ട് ഫോറും രണ്ട് സിക്സുമുൾപ്പെടെയാണ് സാൾട്ടിന്റെ 50 റൺസ് നേട്ടം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ബാറ്റിങ് തുടങ്ങിയത് പതർച്ചയോടെയായിരുന്നെങ്കിലും പിന്നീട് നില വീണ്ടെടുക്കുകയായിരുന്നു. പത്താം ഓവറിൽ നൂറ് കടന്നെങ്കിലും മൂന്ന് വിക്കറ്റുകൾ അതിനകം നഷ്ടമായിരുന്നു. അജിങ്ക്യ രഹാനെ – സുനിൽ നരെയ്ൻ കൂട്ടുകെട്ടാണ് കൊൽക്കത്തയെ മുന്നോട്ട് നയിച്ചത്. രഹാനെ അർദ്ധ സെഞ്ചുറി നേടി.

അഞ്ചാം പന്തിൽ ക്വിന്റൺ ഡി കോക്കിന്റെ (4) വിക്കറ്റാണ് കൊൽക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ജോഷ് ഹേസൽവുഡാണ് ഡി കോക്കിന്റെ വിക്കറ്റ് വീഴ്ത്തിയത്. സുനിൽ നരെയ്ൻ (44), അജങ്ക്യ രഹാനെ (56), വെങ്കടേഷ് അയ്യർ (6), അങ്ക്രിഷ് രഘുവംശി (30), റിങ്കു സിങ് (12), ആന്ദ്രെ റസൽ (4), ഹർഷിത് റാണ (5) എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് കൊൽക്കത്തയ്ക്ക് നഷ്ടമായത്. 31 പന്തിൽ 56 റൺസാണ് അജിങ്ക്യ രഹാനെ നേടിയത്. ആറ് ഫോറുകളും നാല് സിക്സറുകളുമാണ് രഹാനെ അടിച്ചുകൂട്ടിയത്. ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ റാസിഖ് സലാമിന്റെ കൈകളിലൂടെയാണ് രഹാനെ പുറത്തായത്. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും യാഷ് ദയാൽ, റാസിക് സലാം, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വൈഭവ് അറോറ, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവരാണ് കൊൽക്കത്തയ്ക്കായി വിക്കറ്റുകൾ വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *