ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഓസ്ട്രേലിയയ്ക്ക്. ഫൈനലിൽ ഇന്ത്യയെ 209 റൺസിന് കീഴടക്കിയാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസെടുത്തു പുറത്തായി. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. 2021ലെ ഫൈനലിൽ ന്യൂസീലൻഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപിച്ചിരുന്നു.
രണ്ടാം ഇന്നിങ്സിൽ 444 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശർമ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ 234 റൺസിൽ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കൾ സ്വന്തമാക്കി. സ്കോർ: ഓസ്ട്രേലിയ- 469 & 270/8 ഡി, ഇന്ത്യ- 296 & 234 (63.3).


