അടൂര്‍ നിയോജക മണ്ഡലത്തിലെ നിര്‍മിതിയുടെ പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ പൂര്‍ത്തിയാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

Pathanamthitta
Print Friendly, PDF & Email

അടൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എ ശുപാര്‍ശ ചെയ്തിട്ടുള്ള ആസ്തി വികസന പദ്ധതികള്‍ക്കുള്ള എസ്റ്റിമേറ്റ് നിര്‍മിതി തയാറാക്കി ജൂണ്‍ 15-ന് അകം ഭരണാനുമതി ലഭ്യമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിര്‍മിതിക്ക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള കാലാവധി ജൂണ്‍ 30ന് തീരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചത്. അടൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍വഹിക്കുന്ന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍.
വെയ്റ്റിംഗ് ഷെഡുകളുടെ നിര്‍മാണം ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാക്കണം. സാങ്കേതിക തടസങ്ങളാല്‍ മുടങ്ങി കിടക്കുന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. അടൂര്‍ യു.ഐ.ടിക്കായി കെട്ടിട നിര്‍മാണത്തിനുള്ള ഭരണാനുമതി നല്‍കണമെന്നും, മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിനുള്ള ഭരണാനുമതി പുതുക്കി നല്‍കി, തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പന്തളം മുനിസിപ്പാലിറ്റിയിലെ ആതിരമല ഐ.എച്ച്.ഡി.പി കോളനിയില്‍ നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ വിപുലീകരണവും മോട്ടോര്‍ വാങ്ങലും വാട്ടര്‍ അതോറിറ്റി നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടമ്പനാട് ശുദ്ധജല വിതരണ പദ്ധതിക്കായി മലങ്കാവ് ശുദ്ധീകരണ ശാലയ്ക്ക് 50 എച്ച്പി പമ്പ് സെറ്റും വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിസി ജനറല്‍ കെ.ഇ. വിനോദ് കുമാര്‍, നിര്‍മിതി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, എല്‍എസ്ജിഡി, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *