അടൂർ: ഇന്നലെ വോട്ടെണ്ണലിൽ ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കൻ ഇപ്പോൾ ജയിച്ചു കയറി വരുമെന്ന് അവർക്ക് അറിയാമായിരുന്നു. പടിപടിയായി ലീഡ് നില ഉയർന്നപ്പോൾ അവർ മധുരം വിതരണം ചെയ്തു. പാലക്കാട്ട് രാഹുൽ മാങ്കൂട്ടം കന്നിയങ്കം ജയിച്ചു കയറിയതിന്റെ ത്രില്ലിലായിരുന്നു അടൂരിൽ പാർട്ടി പ്രവർത്തകരും ബന്ധുക്കളും പ്രദേശവാസികളും. രാവിലെ 10 മണിക്ക് ലീഡ് നില കൂടിയതോടെ രാഹുലിന്റെ മുണ്ടപ്പള്ളിയിലെ ആറ്റുവിളാകത്ത് വീട്ടിലേക്ക് പാർട്ടി പ്രവർത്തകരുടെ വരവായി. വീട്ടിൽ ഉണ്ടായിരുന്ന രാഹുലിന്റെ സഹോദരി ഭർത്താവ് ശ്യാമും മറ്റ് ബന്ധുക്കളും പ്രവർത്തകർക്ക് ലഡു വിതരണം ചെയ്തു. ഉച്ചയ്ക്ക് 12 ന് ലീഡ് നില 15000 കഴിഞ്ഞതോടെ പ്രവർത്തകർ വീട്ടിൽ നിന്നും അടൂരിലേക്ക് തിരിച്ചു. ടൗണിൽ നീല ട്രോളി ബാഗിൽ ലഡു വിതരണം ചെയ്താണ് ആഹ്ളാദപ്രകടനം നടത്തിയത്.
യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് ലഡുവാണ് നീല ട്രോളി ബാഗിൽ വിതരണം ചെയ്തത്. അടൂർ മുണ്ടപ്പള്ളി ആറ്റുവിളകത്ത് വീട്ടിൽ പരേതനായ (എക്സ് ആർമി) രാജേന്ദ്ര കുറുപ്പിന്റെയും റിട്ട: എൽ.ഐ.സി മാനേജർ ബീന ആർ. കുറുപ്പിന്റെയും ഇളയ മകനാണ് രാഹുൽ. 1989 ൽ ജനിച്ച രാഹുൽ മണക്കാല തപോവൻ സ്കൂളിൽ പത്താം ക്ലാസ് പഠനം, തുടർന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഡിഗ്രി പഠനം, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ എം.എ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം, എം എ ഇംഗ്ലീഷ് (ഐ ജി എൻ ഓ യു) എംജി യൂണിവേഴ്സിറ്റിയിൽ പി. എച്ച്. ഡി. , 2007 ൽ യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റായി തുടക്കം കുറിച്ച രാഹുൽ കെ. എസ്. യു. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എം.ജി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, 2009 ൽ കെ. എസ്.യു. പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി, 2018 ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻ. എസ്. യു. (ഐ) ദേശീയ സെക്രട്ടറി, ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കവെയാണ് പാലക്കാട് നിയമസഭാമണ്ഡലത്തിൽ കന്നി അങ്കം കുറിക്കാൻ പോയത്. രാഹുൽ ഭരണസമിതി അംഗമായിട്ടുള്ള നെല്ലുകൾ ചക്കൂർച്ചിറ ക്ഷേത്രത്തിൽ ഭാരവാഹികൾ മധുരം വിതരണം ചെയ്തു.


