തൊടുപുഴ: പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത് ബിജെപി നേതാവ് വെട്ടിലായി. പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട് വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കഴിഞ്ഞ ദിവസം വണ്ടന്മേട് പഞ്ചായത്ത് ഭരണ സമിതി നടത്തിയ പ്രക്ഷോഭ പരിപാടിയിലാണ് ബിജെപി നേതാവ് പങ്കെടുത്തത്.
പുറ്റടിയിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനം നടന്നത്. ഇതിലാണ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ കെ. കുമാർ പങ്കെടുത്തത്. സ്വന്തം പാർട്ടിയുടെ നയത്തിന് എതിരെ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സമരം നടത്തിയ കുമാറിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗമെന്നാണ് വിവരം.
കേന്ദ്രസർക്കാർ വിരുദ്ധ സമരത്തിന്റെ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതോടെ ബിജെപിയും വെട്ടിലായി. ജില്ലയിലെ മുതിർന്ന നേതാവ് തന്നെ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ജില്ലയിലെ പ്രബല സമുദായമായ കത്തോലിക്കാ സഭയും പ്രതിപക്ഷ പാർട്ടികളും പരിസ്ഥിതി ലോല വിഷയത്തിൽ ശക്തമായ സമരങ്ങളും പ്രചരണങ്ങളും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിസ്ഥിതി ലോല വിഷയത്തിൽ പാർട്ടിയുടെ നയം വിശദീകരണം ലക്ഷ്യമിട്ട് യോഗങ്ങൾ സംഘടിപ്പിക്കാനിരിക്കെയാണ് നേതാവ് തന്നെ കേന്ദ്ര ഘടകത്തിന് എതിരെ രംഗത്ത് എത്തിയത്.


