ആറന്മുള ഉതൃട്ടാതി വള്ളംകളിയും, മന്നം മെമ്മോറിയൽ ട്രോഫിയും

Pathanamthitta Special
Print Friendly, PDF & Email

ആറന്മുള ഉതൃട്ടാതി വള്ളംകളിയും, മന്നം മെമ്മോറിയൽ ട്രോഫിയും

പത്തനംതിട്ട – അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണ വ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്. . ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി.

തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ തസ്കരന്മാരിൽ നിന്ന് രക്ഷിക്കാൻ അകമ്പടി സേവിച്ചിരുന്ന കരക്കാരുടെ പള്ളിയോടങ്ങളുടെ വരവ് പിന്നീട് വള്ളംകളിയായി പരിണമിക്കുകയായിരുന്നു, ഇന്ന് കരക്കാരുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന ഉത്സവമായി വള്ളംകളി മാറിയിരിക്കുന്നു.. 52 ഓളം ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം എന്നു വിശ്വസിക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. നാലാം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, ആറന്മുളയുടെ കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌.

ആറന്മുള വള്ളംകളിയിൽ വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് താഴെപ്പറയുന്ന അവാർഡുകൾ നൽകുന്നു;

*മന്നം മെമ്മോറിയൽ ട്രോഫി
*ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി
*മാതൃഭൂമി ട്രോഫി
*മനോരമ ട്രോഫി
*തോഷിബാ ആനന്ദ് ട്രോഫി
*ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി

ഈ വർഷത്തെ ആറന്മുള ഉതൃട്ടാതി ജലമേളയിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും, ബി ബാച്ചിൽ കോറ്റാത്തൂർ- കൈതക്കോടി പള്ളിയോടവും വേഗതാരങ്ങളായി മന്നം ട്രോഫിയിൽ മുത്തമിട്ടു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിനു ഒരു കുറവ് ഉണ്ടായിരുന്നില്ല. പമ്പയുടെ ഇരുകരകളിൽ കാത്തുനിന്നവർ ഓളപ്പരപ്പിന് ആവേശം പകർന്നു.

ചിത്രങ്ങൾ – രമേശ് കിടങ്ങൂർ

 

Leave a Reply

Your email address will not be published. Required fields are marked *