കോഴഞ്ചേരി – അമിത വേഗതയിലെത്തിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കാർ മറ്റ് മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ചതിനെ തുടർന്ന് മൂന്നുപേർക്ക് പരുക്കേറ്റു. പ്ലാങ്കമൺ വെളളിയറ കൊച്ചേത്തറയിൽ ഉണ്ണികൃഷ്ണ(45)നാണ് മരിച്ചത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് അയിരൂർ പഞ്ചായത്തിലെ വാളംപടിക്കും പാലച്ചുവടിനും ഇടയിലായിരുന്നു സംഭവം. വാളംപടിക്ക് സമീപം വെച്ച് തടിയൂർ പുത്തൻശബരിമല പുളിക്കൽ പ്രസന്നകുമാറിന്റെ സ്കൂട്ടറിൽ ഇടിച്ച കാർ അവിടെ നിന്നും ചെറുകോൽപ്പുഴ ഭാഗത്തേക്ക് വന്ന് പാലച്ചുവടിന് സമീപം വച്ച് പ്ലാങ്കമൺ വെളളിയറ കൊച്ചേത്തറയിൽ ഉണ്ണികൃഷ്ണ(45) ന്റെ സ്കൂട്ടറിലും ഇടിച്ചു. ഉണ്ണികൃഷ്ണൻ തൽക്ഷണം മരിച്ചു. ഇവിടെ നിന്നും 50 വാര മുമ്പിലേക്ക് നീങ്ങിയ കാർ റോഡരികിൽ കേടായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം എതിർ ദിശയിൽ വന്ന പ്ലാങ്കമൺ വെളളിയറ താന്നിയോലിക്കൽ കെ. ലക്ഷ്മി(30)യുടെ സ്കൂട്ടറിൽ ഇടിച്ചു. ലക്ഷ്മി സ്കൂട്ടറിൽ നിന്ന് തെറിച്ച് പോയി. സ്കൂട്ടർ കാറിനടിയിൽ അകപ്പെട്ടു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് സ്ത്രീകൾ ഓടിയെത്തി കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ തോപ്പിൽ തെക്കതിൽ റോയി മാത്യു ജോർജിനെ തടഞ്ഞ് നിർത്തി കോയിപ്രം പോലീസിന് കൈമാറി.


സാരമായി പരുക്കേറ്റ ലക്ഷ്മിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കാലിന്റെ അസ്ഥികൾക്കും ഇടുപ്പെല്ലിനും ഒടിവ് പറ്റിയ ലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരണമടഞ്ഞ ഉണ്ണികൃഷ്ണൻ വെളളിയറയിൽ വെൽഡിങ് വർക്ക്ഷോപ്പ് നടത്തുകയാണ്. ഭാര്യ: ലക്ഷ്മി. മകൻ.വിഷ്ണു.


