റാന്നി: പെരുനാട് കൂനങ്കരയ്ക്ക് സമീപം റബർ തോട്ടത്തിൽ അസ്ഥികൂടം കണ്ടെത്തി.രാവിലെ മരം മുറിക്കാൻ എത്തിയ തൊഴിലാളികളാണ് ചിതറി കിടക്കുന്ന അസ്ഥികൾ കണ്ടത്. ഒന്നര വർഷമായി ടാപ്പിങ് നടക്കാതിരുന്ന തോട്ടമാണിത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് പെരുനാട് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം ഡി.എൻ.എ പരിശോധന നടത്തി മൃതദേഹം പുരുഷന്റേതോ സ്ത്രീയുടേതോ എന്ന് കണ്ടെത്തും. സമീപ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയിട്ടുള്ള തിരോധാന കേസുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പെരുനാട് എസ്.എച്ച്.ഓ ആദർശ് പറഞ്ഞു. എസ്.ഐ രവീന്ദ്രൻ, എ എസ് ഐ സണ്ണി, സി.പി.ഓമാരായ പി.ടി. ഷിന്റോ, പ്രസാദ്, ബിനു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


