കുപ്രസിദ്ധ ക്ഷേത്രമോഷ്ടാവ് തിരുവല്ലം ഉണ്ണി വീണ്ടും പിടിയിൽ

Crime
Print Friendly, PDF & Email

തിരുവല്ല: ക്ഷേത്ര മോഷണം പതിവാക്കിയ തിരുവല്ലം ഉണ്ണി വീണ്ടും പിടിയിൽ. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടിൽ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷണനെ ( 52 ) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലാണ് പിടിച്ചത്.

നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും ശീവേലി കുടങ്ങളും അടക്കം മോഷ്്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിന് സമീപത്തു നിന്നും ലഭിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി 21 ദിവസമായി പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായി പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ മാസം 17 ന് അർദ്ധരാത്രി ഇൻഡിക്ക കാറിൽ എത്തിയ പ്രതി ക്ഷേത്രത്തിന്റെ മുൻവശത്ത് കാർ നിർത്തിയ ശേഷം മതിൽ ചാടി കടന്ന് പ്രധാന വാതിലിന്റെ താഴ് അടക്കം തകർത്ത് സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിലിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ വിളക്കും ചുറ്റുവിളക്കുകളും അടക്കം മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ തങ്ങളുടെ വാഹനം ഉപയോഗിച്ച് തടയാൻ നടത്തിയ ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ ആയ പി. അഖിലേഷ്, എം.എസ്.മനോജ് കുമാർ എന്നിവർക്ക് പരുക്കേറ്റിരുന്നു. ഡിവൈ.എസ്.പി എസ്. അഷാദിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. അഖിലേഷ്, എം.എസ്.മനോജ് കുമാർ, വി. അവിനാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

30 വർഷം നീണ്ട മോഷണ ജീവിതത്തിലുടെ ലഭിച്ച പണം ഉപയോഗിച്ച് സ്‌കോഡ ഒക്ടോവിയ അടക്കം രണ്ട് ആഡംബര കാറുകൾ പ്രതി സ്വന്തമാക്കിട്ടുള്ളതായി പോലീസ് പറഞ്ഞു. മോഷണ മുതൽ വിറ്റു കിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതി ഉപയോഗിച്ചിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്നടക്കം തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *