വ്യാപകമായി കളളവോട്ട് ചെയ്യാൻ സിപിഎം നീക്കമെന്ന് കോൺഗ്രസ് : കോൺഗ്രസ് ജില്ലാ നേതാക്കൾക്ക് സ്ഥലജലവിഭ്രാന്തിയെന്ന് സിപിഎം

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് കളളവോട്ട് ചെയ്ത് ജയിക്കാന്‍ നീക്കം നടത്തുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് യു.ഡി.എഫ്. ഇതിനായി വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചുവെന്നും ഒരുലക്ഷത്തോളം കള്ളവോട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍ എന്നിവര്‍ പറഞ്ഞു. അതേ സമയം, ആരോപണം തെളിയിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു വെല്ലുവിളിച്ചു.

കള്ളവോട്ട് ആസുത്രണം ചെയ്യാന്‍ കോന്നി എം.എല്‍.എ രഹസ്യയോഗം വിളിച്ചു. ഗുണ്ടകളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതിന് വിശ്വസനീയമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പു പോലെ പൊതു തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള നീക്കം സി.പി.എം നടത്തുന്നു. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് വ്യാപകമായി നിര്‍മിക്കുന്നു. ഉദ്യോഗസ്ഥന്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ള സ്ഥലത്തില്ലാത്തവരും പ്രവാസികളുമായവര്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തുവാന്‍ കഴിയാത്തവര്‍ എന്നിവരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി സി.പി.എം ക്രിമിനലുകളെ ബൂത്തിലെത്തിച്ച് വോട്ട് ചെയ്യുവാനുള്ള ഗൂഢാലോചന കോന്നി എം.എല്‍.എയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്നതായി സി.പി.എം കേന്ദ്രങ്ങളില്‍ നിന്നുതന്നെ വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ക്കും ലേക്‌സഭാ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ല.

ഇടതുപക്ഷ സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും അനുഭാവികളുമായ ജില്ലയിലെ ബി.എല്‍.ഒ മാര്‍ അന്തിമ വോട്ടേഴ്‌സ് ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്. വീട്ടിലെ വോട്ടില്‍ പല സ്ഥലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും ജീവിച്ചിരിക്കുന്ന പലരെയും വെട്ടി മാറ്റിയിട്ടുണ്ടെന്ന് നിരവധി പരാതികള്‍ ലഭിച്ചത് വരണാധികാരിക്ക് കൈമാറിയിട്ടുള്ളതായും ഇത് സംബന്ധിച്ച് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി പത്തനംതിട്ട ജില്ലയില്‍ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് കള്ളവോട്ടിലൂടെ പിടിച്ചെടുത്ത സി.പി.എം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രവര്‍ത്തകരെ ഉപയോഗിച്ച് ബൂത്തുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ട് ചെയ്യുന്നതിനാണ് ശ്രമം നടത്തുന്നത്. പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗമാണ് ലോക്‌സഭാ മണ്ഡലത്തിലുട നീളം ഉണ്ടായിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എത്ര കൃത്രിമം നടത്തിയാലും ആന്റോ ആന്റണി കഴിഞ്ഞ പ്രാവശ്യം ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ടുകള്‍നേടി വിജയിക്കുമെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന് സ്ഥലജല വിഭ്രാന്തി: ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് സി.പി.എം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പരാജയം ഉറപ്പിച്ച കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് സ്ഥലജല വിഭ്രാന്തിയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കുറച്ചു ദിവസങ്ങളായി എല്‍.ഡി.എഫിനെതിരെ കെട്ടുകഥകളെ വെല്ലുന്ന പരിഹാസ്യമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഒരു ലക്ഷം കള്ളവോട്ടിന് ശ്രമമെന്നാണ് എല്‍.ഡി.എഫിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിക്കുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണവും വ്യാജ വോട്ടും ആരാണ് ചെയ്തതെന്ന് നാട്ടിലെല്ലാവര്‍ക്കും അറിയാം. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് അടൂര്‍ കേന്ദ്രീകരിച്ച് ഇതിന് നേതൃത്വം കൊടുത്തത് യൂത്ത്‌കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടമാണ്. ഇതിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞദിവസം മെഴുവേലിയില്‍ ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പ് വേളയില്‍ കള്ളവോട്ടിന് കേസെടുക്കപ്പെട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെയാണ്. ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ മാറ്റാനാണ് സി.പി.എമ്മിനും എല്‍.ഡി.എഫിനും എതിരെ
ഒരു തെളിവുമില്ലാതെ ഉത്തരവാദപ്പെട്ട ഒരു രാഷ്ര്ടീയ പ്രസ്ഥാനം ആരോപണം ഉന്നയിക്കുന്നത്.

സമൂഹത്തില്‍ കോണ്‍ഗ്രസ് സ്വയം പരിഹാസ്യമാകാന്‍ മാത്രമേ ഇത് ഇടയാക്കു. കള്ളന്മാരായി തങ്ങള്‍ പിടിക്കപ്പെട്ടത് കൊണ്ട് മറ്റെല്ലാവരും കള്ളന്മാര്‍ ആണെന്ന് വിളിച്ചു കൂവൂന്ന നിലപാട് ജനാധിപത്യ മര്യാദ ഇല്ലാത്തതാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒരുതരി തെളിവെങ്കിലും സമൂഹത്തിന് മുന്നില്‍ വയ്ക്കാന്‍ ആരോപണമുന്നയിക്കുന്നവര്‍ തയ്യാറാകണം. കള്ളം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് യു.ഡി.എഫിനെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ രക്ഷിക്കാന്‍ സാധിക്കുമോ എന്ന അവസാന ശ്രമമാണ് ഇക്കൂുട്ടര്‍ നടത്തുന്നത് . ഇതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ പത്തനംതിട്ട മണ്ഡലത്തിലെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും ഉദയഭാനു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *