കൊച്ചി – മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ്ക്കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി രണ്ടുവര്ഷത്തിനു ശേഷം കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രമാണ് എറണാകുളം എസിജെഎം കോടതിയിൽ സമർപ്പിക്കപ്പെട്ടത്.
മോൻസൺ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നും തട്ടിപ്പിനുവേണ്ടി സുധാകരൻ ഗൂഢാലോചന നടത്തിയെന്നുമാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്പി വൈ.ആർ. റസ്തം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.
25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കെ സുധാകരൻ 10 ലക്ഷം കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 406, 120 ബി വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ജൂണിൽ ക്രൈംബ്രാഞ്ച് കെ സുധാകരനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് നടപടി. തുടർന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കെ സുധാകരനെ ചോദ്യം ചെയ്തിരുന്നു.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് . 2018ൽ സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നൽകിയിരുന്നത്. പണം വാങ്ങുന്നത് കണ്ടുവെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും മൊഴി നൽകിയിരുന്നു. മോൻസണിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടന്ന ഈ നീക്കം കെ സുധാകരനെതിരെ പ്രയോഗിക്കാനുള്ള ഒരടവായി കാണുന്നവരും ഉണ്ട്. അടവുകൾ പതിനെട്ടും പയറ്റുന്ന രാഷ്ട്രീയ കളരിയിൽ അങ്കം കുറിച്ചാൽ പിന്നെ പട വെട്ടുകതന്നെ. നിയമപരമായ പ്രതിരോധ നീക്കങ്ങൾക്ക് തന്നെയാണ് കെ സുധാകരൻ എന്നാണറിയുന്നത്.


