പത്തനംതിട്ട – ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനം ജനുവരി 26നു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ വിപുലമായി ആഘോഷിക്കുന്നതിന് ജില്ലാ കളക്ടർ എ ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗം തീരുമാനിച്ചു. വിപുലമായ ഒരുക്കങ്ങൾ നടത്തി ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായ ഏകോപനം നിർവഹിക്കണമെന്നു കളക്ടർ പറഞ്ഞു.
റിപ്പബ്ലിക് ദിനഘോഷത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും. ജനുവരി 22നും 23നും ഉച്ചകഴിഞ്ഞ് മൂന്നിന് പരേഡ് പരിശീലനവും 24ന് രാവിലെ ഏഴിന് ഫൈനൽ പരേഡ് റിഹേഴ്സലും ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. പോലീസ്, ഫയർ ആൻഡ് റസ്‌ക്യു, സിവിൽ ഡിഫൻസ്, എക്സൈസ്, ഫോറസ്റ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി, എസ്പിസി, ജൂനിയർ റെഡ്ക്രോസ് എന്നിവ പരേഡിൽ അണിനിരക്കും. സാംസ്‌കാരിക പരിപാടി, ബാൻഡ്, ദേശഭക്തിഗാനം എന്നിവയുടെ ഏകോപനം വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കും. പരേഡിനും പരിശീലനത്തിനും സ്‌കൂൾ വിദ്യാർഥികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആർഡിഒയെയും വിദ്യാഭ്യാസ ഉപഡയറക്ടറെയും ചുമതലപ്പെടുത്തി.
സെറിമോണിയൽ പരേഡ്, സുരക്ഷ, അനൗൺസ്മെന്റ്, ട്രോഫി വിതരണം എന്നീ ചുമതലകൾ പോലീസ് നിർവഹിക്കും. അപകടങ്ങൾ ഉണ്ടാകാതെ ഫയർഫോഴ്സ് സുരക്ഷ ഒരുക്കും. പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും കുടിവെള്ള ലഭ്യത വാട്ടർ അതോറിറ്റിയും വൈദ്യുതി കെഎസ്ഇബിയും ഉറപ്പാക്കും. സല്യൂട്ടിംഗ് ബേസ്, പവലിയൻ നിർമാണം എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗം നിർവഹിക്കും. സൗണ്ട് സിസ്റ്റം, ജനറേറ്റർ, വൈദ്യുതി ക്രമീകരണം ഇലക്ട്രോണിക്സ് വിഭാഗം നിർവഹിക്കും. പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും ആംബുലൻസ്, മെഡിക്കൽ ടീം സൗകര്യം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) സജ്ജമാക്കും. ജില്ലാ സ്റ്റേഡിയം പത്തനംതിട്ട നഗരസഭ വൃത്തിയാക്കും.
യോഗത്തിൽ ജില്ലാ പൊലീസ് മേധാവി വി അജിത്ത്, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


