ന്യൂഡൽഹി – ഡൽഹിയിൽ തന്നെ കണ്ട മാധ്യമ പ്രവർത്തകരോടു പിണറായി സർക്കാരിന്റെ നവകേരളാ സദസ്സിന്റെ ഉദ്ദേശം എന്താണെന്ന് ചോദിച്ചു ഗവർണ്ണർ. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാരിന്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണ്ണർ പറഞ്ഞതിങ്ങനെ…
‘സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ നയമാണ്. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മറുഭാഗത്ത് വലിയ രീതിയിൽ ആഘോഷങ്ങൾ നടത്തുന്നതും ലക്ഷങ്ങൾ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നതും നാം കണ്ടതാണ്. 35 വർഷത്തോളം സേവനം ചെയ്തവർക്ക്പെൻഷൻ നൽകാൻ പണമില്ല. രണ്ട് വർഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായിരുന്നവർക്ക് പെൻഷൻ നൽകുന്നു’, നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. പരാതി സ്വീകരിക്കാൻ മാത്രമാണ് യാത്ര. മൂന്നര ലക്ഷത്തിലധികം പരാതികൾ കിട്ടിയെന്ന് സർക്കാർ പറയുന്നു. ഇതിൽ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇതെല്ലാം കളക്ടറേറ്റുകളിലോ മറ്റു സർക്കാർ ഓഫീസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേയെന്നും ഗവർണർ ചോദിച്ചു. കേരളം മികച്ച സംസ്ഥാനമാണ്. കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യവിൽപനയിലൂടെയും ഉണ്ടായതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന അവിടുത്തെ പ്രവാസികളുടെ സംഭാവനയാണ്. അതാണ് കേരളത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.


