ദുബായ് – ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ബർ ദുബായിലെ ശിവക്ഷേത്രം ഇനി ചരിത്രം. ഈ ജനുവരി മൂന്ന് മുതൽ ജബൽ അലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിലേക്ക് ഇവിടുത്തെ ആരാധന മാറ്റുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ബർ ദുബായിലെ അമ്പലത്തിന്റെ കവാടത്തിൽ പതിച്ചു. ബർ ദുബായിലെ അമ്പലത്തിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ജബൽ അലിയിലെ അമ്പലത്തിൽ ലഭ്യമാകുമെന്നും ഈ നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്.. ആദ്യമായി ദുബായിലെത്തുന്ന മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസമായിരുന്നു ഈ അമ്പലം. വിസിറ്റ് വിസയിലെത്തി കഷ്ടപ്പെടുന്ന എത്രയോ മലയാളികൾക്ക് രാവിലെ ഈ അമ്പല ദർശനവും, പ്രസാദമായി ഇവിടെ നിന്ന് കിട്ടുന്ന പ്രഭാത ഭക്ഷണവും ആശ്വാസമായിട്ടുണ്ട്. ഹിന്ദുമത വിശ്വാസികളായ എത്രയോ പ്രവാസികൾക്ക് പ്രാർത്ഥനയിലൂടെ ആശ്വാസമാകാൻ ഈ അമ്പലത്തിനു കഴിഞ്ഞിരുന്നു.

ശിവ ക്ഷേത്രവും, സിഖ് ഗുരുദ്വാരയും ചേർന്നതായിരുന്നു ബർ ദുബായിലെ ഈ അമ്പലം. 1958ൽ ആണ് ക്ഷേത്രം പണി കഴിപ്പിച്ചത്. അന്നു മുതൽ യുഎഇയിലെ ഹിന്ദു – സിഖ് മതവിശ്വാസികളുടെ ആരാധാനകേന്ദ്രമാണ് ഇവിടം. വാരാന്ത്യങ്ങളിലും, പ്രധാനപ്പെട്ട ദിവസങ്ങളിലും പതിനായിരക്കണക്കിന് ഭക്തനായിരുന്നു ഇവിടെ ദർശനത്തിനായി എത്താറുണ്ടായിരുന്നത്. ദീപാവലി, വിഷു, തുടങ്ങിയ ഉത്സവ ദിവസങ്ങളിൽ അത് ലക്ഷക്കണക്കിന് ഭക്തരാകുമായിരുന്നു. ആ ദിവസങ്ങളിൽ ബർ ദുബായിലെ കടപ്പുറത്ത് നീണ്ട നിര അമ്പലത്തിലേക്ക് കാണാമായിരുന്നു.

കഴിഞ്ഞ വർഷമാണ് ജബൽ അലിയിൽ പുതിയ ഹിന്ദുക്ഷേത്രം പണി തീർന്നത്. ഇതിന് പിന്നാലെ ബർ ദുബായിലെ ക്ഷേത്രം പൈതൃക സ്ഥലമായി നിലനിർത്തുന്നത് പരിഗണനയിൽ ആയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. അതേസമയം പ്രദേശത്തെ പള്ളിയോട് ചേർന്നുള്ള ഗുജറാത്തി കൃഷ്ണ ക്ഷേത്രത്തിൽ ആരാധന തുടരും. വ്യാപാരത്തിനായി ആദ്യകാലങ്ങളിൽ ഗുജറാത്തിൽ നിന്നെത്തിയ പ്രവാസികൾ 1935 ൽ ഈ ക്ഷേത്ര പണികഴിപ്പിച്ചു ആരാധന തുടങ്ങിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.


