എഴുമറ്റൂർ : ശോചനീയാവസ്ഥയിൽ തുടരുന്ന റോഡുകളോടുള്ള അവഗണന ഭരണപ്രതിപക്ഷങ്ങൾ ഒരു പോലെ തുടരുമ്പോൾ പല രാഷ്ട്രീയ പാർട്ടികളോട് അനുഭാവം ഉള്ളവരും, ഇല്ലാത്തവരുടെയും കൂട്ടായ്മയായ എഴുമറ്റൂർ ജനകീയ സമിതി പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
വർഷങ്ങൾ കൊണ്ട് മോശപ്പെട്ട അവസ്ഥയിൽ എത്തിയ റോഡിൽ ഒരു നാൾ കുറച്ചു കരിങ്കൽ ഇറക്കിയിട്ട് കാലാവസ്ഥ കാരണം പണി നടക്കുന്നില്ല എന്ന വാദഗതി ആണ് ഇപ്പോൾ ഉണ്ടാകുന്നത്.
നൂറുകണക്കിന് കിലോമീറ്റർ ദേശീയ പാതകളും, പ്രധാൻമന്ത്രി സഡക്ക് യോജനയിൽ ഗ്രാമീണ റോഡുകളും അതിവേഗത്തിൽ കേരളത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുമ്പോളാണ് ഈ രീതിയിൽ ന്യായീകരണങ്ങൾ.
കലുങ്കുകളും ഓടകളും നന്നാക്കാതെ കരിങ്കൽ മാത്രം കൊണ്ടിറക്കി എന്ത് തട്ടിക്കൂട്ടലുകൾ താൽക്കാലികം ആയി നടത്തിയാലും അത് ഈ റോഡിന്റെ ഭാവി പിന്നെയും വർഷങ്ങളോളം ഇല്ലാതാക്കനെ ഉപകരിക്കു എന്നതാണ് യാഥാർഥ്യം.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 26-09-2023ന് ലഭിച്ച മറുപടിയിൽ എഴുമറ്റൂർ – തുണ്ടിയിൽക്കടവ് റോഡ് 6.28 കി. മീ അടുത്ത ബഡ്ജറ്റിൽ സമർപ്പിച്ച് അത് അംഗീകരിച്ച് ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ നടത്താനാവൂ എന്ന മറുപടിയാണ് ലഭിച്ചത്.
എഴുമറ്റൂർ – കാരമല റോഡ് പ്രധാന കയറ്റം മാത്രം താൽക്കാലിമായി കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് അഞ്ചാം വാർഡ് മെമ്പർ അറിയിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. റോഡും ശരി ആയില്ല അനുവദിച്ച ഫണ്ട് എവിടെ പോയി എന്നും അറിയില്ലാത്ത അവസ്ഥയിൽ ആണ് ബഹുമാനപ്പെട്ട എം. എൽ എ യുടെ ഫണ്ട് അനുവദിച്ചു എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്.എന്നാൽ അടുത്ത സാമ്പത്തിക വർഷം പകുതിയും കഴിഞ്ഞു നിൽക്കുമ്പോൾ അത്യാവശ്യത്തിന് ഒരു ഓട്ടോ പോലും വരാൻ സാധിക്കാത്ത രീതിയിൽ റോഡ് നാൾക്ക് നാൾ മോശമാകുന്ന അവസ്ഥയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
രാഷ്ട്രീയത്തിന് അതീതമായി ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ജനതയുടെ സംഘടിത ശക്തിക്ക് മുന്നിൽ ഇന്നത്തെ ധർണ വൻ വിജയമായിരുന്നു എന്ന് സംഘാടകസമിതി അവകാശപ്പെട്ടു.


