കോൺഗ്രസിൽ നിന്ന് രാഹുൽ പുറത്തേക്കോ ? ആകാംക്ഷയോടെ മറ്റു പാർട്ടികൾ. !!

Kerala Politics
Print Friendly, PDF & Email

തിരുവനന്തപുരം – ബലാത്സംഗ ആരോപണവും, നിർബന്ധിത ഗർഭഛിദ്ര ആരോപണവും അടക്കമുള്ള പെൺകുട്ടികളുടെ പരാതികളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി അനിവാര്യമാകുന്നു. കോൺഗ്രസിനുള്ളിൽ നിന്നുതന്നെ ശക്തമായ സമ്മർദം ഉയരുന്ന സാഹചര്യത്തിൽ എംഎഎൽഎ സ്ഥാനം രാജിവെക്കുകയല്ലാതെ രാഹുലിനും പാർട്ടി നേതൃത്വത്തിനും മുന്നിൽ മറ്റുവഴികളില്ലെന്ന നിലയിലാണ് കാര്യങ്ങൾ. മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കേയാണ് മറ്റൊരു യുവതിയുടെ പരാതികൂടി പുറത്തുവരികയും രാഹുലിനു മേലുള്ള സമ്മർദം അതിരൂക്ഷമാകുകയും ചെയ്തിതിരിക്കുന്നത്.

രാഹുലിനെതിരായ നടപടി സംബന്ധിച്ച് സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും തമ്മിൽ ആശയവിനിമയം നടത്തിയതായാണ് വിവരം. കെപിസിസിയുടെ ശുപാർശയിൽ എഐസിസി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. രാഹുൽ വിഷയത്തിൽ കെപിസിസി തലത്തിൽ ബുധനാഴ്ച കൂടിയാലോചന നടക്കും എന്നാണറിയുന്നത്. ഇതിനു ശേഷമായിരിക്കും തീരുമാനം എഐസിസി നേതൃത്വത്തെ അറിയിക്കുക.

രാഹുലിന്റെ കാര്യത്തിൽ ഇനി പ്രതീക്ഷയില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സസ്‌പെൻഷൻ എന്നത് തെറ്റുതിരുത്തി തിരിച്ചുവരാനുള്ള ഒരു മാർഗമായിട്ടാണ് കോൺഗ്രസ് പാർട്ടി അനുവർത്തിച്ചുവരുന്നതെങ്കിലും ഇക്കാര്യത്തിൽ ഇനി അതിന് സ്‌കോപ്പില്ലാത്ത സാഹചര്യത്തിൽ ശക്തമായിട്ടുള്ള നടപടി പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരേ കെപിസിസി കടുത്ത നടപടികൾക്ക് ഒരുങ്ങുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചതും അദ്ദേഹമാണ്.

പിന്നാലെ രാഹുൽ ഇനി പാർട്ടിയിൽ ഉണ്ടാകാൻ പാടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ള നേതാക്കൾ നിലപാടെടുത്തു. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരടക്കമുള്ളവരും രാഹുലിനെതിരേ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഒരുസമയത്തും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും ജെബി മേത്തറും വ്യക്തമാക്കി. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. രാഹുലിനെ ഏറെക്കുറെ കൈവിട്ടെന്ന സൂചന നൽകി ഷാഫി പറമ്പിലും പ്രതികരണം നടത്തി. ഇതോടെയാണ് രാഹുലിൻറെ രാജി ആസന്നമായെന്ന വിലയിരുത്തലുണ്ടായത്.

പാർട്ടി നടപടി സ്വീകരിക്കുകയാണെങ്കിൽ അത് എന്തായിരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചുകഴിഞ്ഞെന്ന് കോൺഗ്രസ് നേതാക്കളിൽ ഒരുവിഭാഗം ഏതാണ്ട് ഉറപ്പിച്ചുപറയുന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് രാഹുലിന് എളുപ്പമാകില്ല. ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും അടക്കമുള്ള പരാതികളിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽനിൽക്കേ ധാർമികത മുൻനിർത്തി എംഎൽഎ സ്ഥാനം രാജിവെക്കുക എന്നതാണ് രാഹുലിന് മുന്നിലുള്ള വഴി എന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിൽ നിന്ന് പുറത്താകുന്നതോടെ രാഹുൽ തന്റെ രാഷ്ട്രീയ ഭാവിക്കായി എന്ത് തീരുമാനമാണ് എടുക്കുക എന്നതും കാത്തിരിക്കുന്ന മറ്റു രാഷ്ട്രീയ കക്ഷികൾ ഉണ്ട്. രാഹുലിനെതിരെയുള്ള പരാതികൾ തെളിയിക്കാനാകാതെ വന്നാൽ അദ്ദേഹത്തെ സ്വീകരിക്കാൻ മറ്റു പാർട്ടികൾ തയ്യാറായേക്കും. എന്തായാലും ആകാംക്ഷയിലാണ്‌ എല്ലാവരും.

Leave a Reply

Your email address will not be published. Required fields are marked *