പത്തനംതിട്ട – തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തു. പത്തനംതിട്ട കോയിപ്രം ബ്ലോക്കിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ തീരുമാനം അത്യപൂർവവും ചരിത്രത്തിൽ ഇടം നേടുന്നതുമാണ്.
കോൺഗ്രസ് അംഗം കെ. അജിതയാണ് പുതിയ കോയിപ്രം ബ്ലോക്ക് പ്രസിഡന്റ്. പുതിയ ഭരണസമിതി അധികാരത്തിൽ വരുന്നതു വരെ തുടരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നുവെന്ന അപൂർവതയും ഇതിനുണ്ട്. നിരവധി രാഷ്ട്രീയ അട്ടിമറികൾ നടന്ന് നേരത്തേ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു കോയിപ്രം. ഏറ്റവുമൊടുവിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ കോയിപ്രം വീണ്ടും വാർത്തകളിൽ നിറയുന്നു.
ഈ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എല്ലാവരും സജീവമായി മത്സര രംഗത്തേക്ക് ഇറങ്ങുമ്പോഴാണ് 20 ദിവസം മുൻപ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന ഒഴിവ് നികത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചത്. ഇതേ തുടർന്നാണ് ഇന്നലെ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ യോഗം ചേർന്നത്. എൽ.ഡി.എഫ് ബഹിഷ്‌കരിച്ച യോഗത്തിൽ കോൺഗ്രസിലെ കെ. അജിതയെ പ്രസിഡന്റായി. പുതിയ ഭരണ സമതി അധികാരത്തിൽ വരും വരെ ഇവർക്ക് തുടരാൻ കഴിയും. എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിൽ എത്തിയ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഫിലിപ്പ് രാജി വച്ചതോടെയാണ് ഒഴിവ് വന്നത്.
യു.ഡി.എഫിൽ നിന്നും തിരികെ എൽ.ഡി.എഫിൽ എത്തിയ സൂസൻ പ്ലാങ്കമണ്ണിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് വീണ്ടും മത്സരിക്കുന്നുമുണ്ട്. മാസങ്ങൾക്ക് മുൻപ് ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിച്ച് സി.പി.എമ്മിൽ നിന്ന് രാജി വച്ച് യു.ഡി. എഫിന് ഒപ്പം ചേർന്ന് സൂസൻ ഫിലിപ്പ് പ്രസിഡന്റാവുകയായിരുന്നു. അയിരൂർ ഇടക്കാട് ഡിവിഷൻ പ്രതിനിധി ആയിരുന്നു. കുറുമാറ്റത്തിലൂടെ എൽ.ഡി.എഫ് നേടിയ ഭരണം ഇതേ നാണയത്തിൽ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തിലാണ് യു.ഡി എഫ്. കഴിഞ്ഞ മാർച്ചിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
എൽ.ഡി.എഫ്.പ്രതിനിധികളായിരുന്ന പ്രസിഡന്റ് കെ.കെ.വത്സല, വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി എന്നിവർ അവിശ്വാസത്തിലൂടെ പുറത്തായി. അന്ന് അവിശ്വാസത്തെ പിന്തുണച്ച എൽ.ഡി.എഫ് അംഗം സൂസനെ യു.ഡി.എഫ് പ്രസിഡന്റാക്കി. യു.ഡി.എഫ്. കൊണ്ടു വന്ന അവിശ്വാസത്തെ പിന്തുണച്ച ഇവരെ സി.പി.എം. പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. യു.ഡി.എഫിനൊപ്പം ചേർന്ന സൂസന് എതിരെ വിപ്പ് ലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിയുണ്ട്. ഇതിൽ നിന്നും ഒഴിവാകാൻ കൂടിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ സൂസൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചത് എന്നും പറയുന്നു.
എൽ.ഡി.എഫ് വിട്ടു ചെന്ന സൂസന് തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ, അവസാന നിമിഷം യു.ഡി.എഫ് ഇതിൽ നിന്ന് പിന്നോട്ട് പോയതാണ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്ക് കാരണമായതെന്നും പറയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്് കഴിഞ്ഞപ്പോൾ യു.ഡി.എഫ് മികച്ച മാർജിനിലാണ് കോയിപ്രം ബ്ലോക്ക് ഭരണം പിടിച്ചത്. ജിജി ജോൺ മാത്യു ആയിരുന്നു ആദ്യ പ്രസിഡന്റ്. അധികം വൈകാതെ കോൺഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരി എൽ.ഡി.എഫിലേക്ക് കൂറുമാറി. തുടർന്ന് അവതരിപ്പിച്ച അവിശ്വാസത്തിൽ യു.ഡി. എഫിന് ഭരണം നഷ്ടമായി. തെരഞ്ഞെടുപ്പ് കമ്മിഷൻ ഉണ്ണി പ്ലാച്ചേരിയെ അയോഗ്യനാക്കി. അങ്ങനെ നിരവധി സംഭവങ്ങൾക്ക് ഇടയിലാണ് ഇപ്പോൾ അവസാന സമയം വീണ്ടും പുതിയ പ്രസിഡന്റിനെ കണ്ടെത്തിയിരിക്കുന്നത്.


