പന്തളത്ത് വിജയം തുന്നി പെൺക്കൂട്ടായ്മ ; തുണി സഞ്ചി നിർമാണത്തിലൂടെ വരുമാനവുമായി പന്തളം കുടുംബശ്രീ കൂട്ടായ്മ

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം – പേപ്പർ ബാഗിൽ തുടങ്ങി വസ്ത്ര നിർമാണത്തിലേക്ക് മുന്നേറിയ വിജയകഥയുമായി പത്തനംതിട്ട പന്തളം നേച്ചർ ബാഗ്സ് യൂണിറ്റ്. രണ്ടര ലക്ഷം രൂപ മുതൽ മുടക്കിൽ 2014 ൽ അഞ്ച് വനിതകൾ ആരംഭിച്ച സംരംഭം 35 ലക്ഷം രൂപ വാർഷിക വരുമാനമുള്ള സ്ഥാപനമാണിന്ന്. പന്തളം നഗരസഭയിലെ മുളമ്പുഴ വാർഡിൽ കുടുബശ്രീ അംഗങ്ങളായ ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവരാണ് സംരംഭകർ.
കുടുംബശ്രീ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകർക്ക് വൈദഗ്ദ്യ പരിശീലനം നൽകുന്ന ഏജൻസിയായും ‘നേച്ചർ ബാഗ്‌സ്’ പ്രവർത്തിക്കുന്നു. കുടുംബശ്രീയുമായി ചേർന്ന് നിലവിൽ 750 വനിതകളെ സ്വയംതൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കി. കുടുംബശ്രീ ജില്ലാ മിഷന്റെ അംഗീകൃത സർട്ടിഫിക്കറ്റോടെ തുണി സഞ്ചി രൂപകൽപന ചെയ്യുന്നതിലും മോടി പിടിപ്പിക്കുന്നതിലും തയ്യലിലുമാണ് പരിശീലനം. യൂണിറ്റിലേക്ക് ആവശ്യമായ മെഷിനറി വാങ്ങുന്നതിനും പ്രവർത്തന മൂലധനാവശ്യത്തിനും കുടുംബശ്രീ മുഖേനെ ധനസഹായവുമുണ്ട്.

പേപ്പർ, സ്‌കൂൾ, കോളജ്, ലാപ്ടോപ് ബാഗുകൾ, പരിസ്ഥിതി-സൗഹൃദ തുണി ബാഗുകൾ, യൂണിഫോം, പലവിധ അളവുകളിൽ വസ്ത്രങ്ങൾ, ലേഡീസ് ബാഗ്, പേഴ്സുകൾ, ജൂട്ട് ബാഗുകൾ, ഫയൽ ഫോൾഡറുകൾ, തൊപ്പികൾ എന്നിവയാണ് പ്രധാന ഉൽപന്നങ്ങൾ. തുണി സഞ്ചി 10 മുതൽ 200 രൂപ വരെയും സ്‌കൂൾ ബാഗിന് 350 മുതൽ 2000 രൂപ വരെയുമാണ് വില. ഓൺലൈൻ വിപണിയിലും സജീവം. തുണിയുടെ നിലവാരവും ചിത്രപണികളും പരിഗണിച്ചാണ് വില നിർണയം. കോറ കോട്ടൺ, പോളിസ്റ്റർ, സിൽക് തുണിത്തരങ്ങൾ ഉപയോഗിച്ചാണ് നിർമാണം. ബാഗ് നിർമിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ ഏറണാകുളം, ബാഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും തുണിത്തരങ്ങൾ ഈറോഡ്, തിരുപ്പൂർ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്നു.

പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതിയിൽ 2015 മുതൽ ആധുനിക സജ്ജീകരണത്തോടെ തുണി സഞ്ചി നിർമിച്ചു നൽകുന്നു. തലസ്ഥാനത്ത് സംഘടിപ്പിച്ച ‘വൃത്തി കോൺക്ലേവ് 2025’ ൽ 18,000 ത്തോളം തുണി സഞ്ചി തയ്യാറാക്കി നൽകി. രൂപത്തിലും പ്രിന്റിങിലും ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം ബാഗുകളും യൂണിഫോമുകളും യൂണിറ്റ് നിർമിച്ചു നൽകും. ഓർഡറുകൾക്ക് അനുസരിച്ച് പരിശീലനം ലഭിച്ചവർക്ക് നേരിട്ടും പരോഷമായും തൊഴിൽ നൽകുന്നുണ്ട്.

കഴുകി ഉണക്കി പുനരുപയോഗം സാധ്യമായതിനാൽ നേച്ചർ ബാഗ്സിന് ഡിമാൻഡ് ഏറെയാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹരിത കർമ സേനാംഗങ്ങൾ, നേഴ്‌സുമാർ, ലോട്ടറി ക്ഷേമനിധി അംഗങ്ങൾ, കഫേ കുടുംബശ്രീ എന്നിവർക്കായുള്ള യൂണിഫോമും നിർമിച്ചു നൽകുന്നുണ്ട്. സംരംഭത്തിന്റെ മികവാർന്ന പ്രവർത്തനത്തിന് വിവിധ ബഹുമതികളും ലഭിച്ചു. 2018 ൽ സംസ്ഥാനതലത്തിൽ മികച്ച പരിസ്ഥിതി സൗഹാർദ യൂണിറ്റ്, 2019 ൽ ജില്ലയിലെ മികച്ച കൂടുംബശ്രീ യൂണിറ്റ്, 2015 മുതൽ 2017 വരെ മുൻസിപ്പാലിറ്റി തലത്തിൽ മികച്ച യൂണിറ്റ് എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

തുണി സഞ്ചി സംസ്‌കാരം കൂടുതൽ വ്യാപിക്കുന്നതിനുള്ള കർമ പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് കുടംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില പറഞ്ഞു. വനിതകളുടെ സാമൂഹിക ജീവിതത്തിന് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കുടുംബശ്രീക്ക് കഴിഞ്ഞു. തൊഴിൽ രഹിതരായ നിരവധി വീട്ടമ്മമാർക്ക് ഉപജീവനം മാർഗ്ഗമാണ്. ഇത്തരം സംരംഭങ്ങളിലൂടെ ഒരുക്കുന്നതെന്നും ആദില കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *