അടൂർ ജനറൽ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.), ലക്ഷ്യ, മുസ്‌കാൻ എന്നീ അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ മൂന്ന് ദേശീയ അംഗീകാരങ്ങൾ ഒരു ആശുപത്രിക്ക് ഒരുമിച്ച് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജില്ലാതല ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങളാണ് അടൂർ ജനറൽ ആശുപത്രിയിൽ നടപ്പാക്കി വരുന്നത്. മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
എൻ.ക്യു.എ.എസ്. 96.75% സ്‌കോറും, ലക്ഷ്യ വിഭാഗത്തിൽ മറ്റേണിറ്റി ഓപ്പറേഷൻ തിയേറ്ററിന് 99.53% സ്‌കോറും, ലേബർ റൂമിന് 96.75% സ്‌കോറും, മുസ്‌കാൻ 93.38% സ്‌കോറും നേടിയാണ് അടൂർ ജനറൽ ആശുപത്രി ചരിത്രനേട്ടം കൈവരിച്ചത്. സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇൻപുട്ട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിന് മുകളിൽ സ്‌കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്.), ലക്ഷ്യ, മുസ്‌കാൻ അംഗീകാരങ്ങൾ നൽകുന്നത്.
ഈ സർക്കാരിന്റെ കാലത്ത് അടൂർ ജനറൽ ആശുപത്രിയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. അടൂർ ജനറൽ ആശുപത്രിയിൽ മദർ ആന്റ് ചൈൽഡ് ബ്ലോക്ക് നിർമ്മാണത്തിനായി 13 കോടി രൂപ അനുവദിച്ചു. പുതിയ ആശുപത്രി കെട്ടിടത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 12.81 കോടി അനുവദിച്ചു. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതുകൂടാതെ ഒ.പി. നവീകരണത്തിനായി 1.14 കോടി രൂപ അനുവദിച്ച് ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ പുരോഗമിച്ചു വരികയും ചെയ്യുന്നു. ഒരുകോടി രൂപ ചിലവഴിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചു. 32.91 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പീഡിയാട്രിക് ഐസിയു എച്ച്ഡിയു വാർഡ്, 29.79 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച എസ്എൻസിയു എന്നിവയും ആശുപത്രിയുടെ വികസന നേട്ടങ്ങളാണ്.

ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങൾ നൽകിവരുന്ന അടൂർ ജനറൽ ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ജനറൽ ഒപി, ഇഎൻടി, റെസ്പിറേറ്ററി മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമെറ്റളജി, ഗൈനക്കോളജി, അനസ്തേഷ്യോളജി, ഡെന്റൽ, ഒഫ്താൽമോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ദിവസവും 1500 മുതൽ 1700 പേർ വരെ ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. 300 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റിൽ ദിവസവും നാല് ഷിഫ്റ്റിൽ നാൽപത്തി അഞ്ചോളം പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. കിടപ്പ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ 5 കിടക്കകളുള്ള പാലിയേറ്റീവ് കെയർ വാർഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബർ റൂം സൗകര്യങ്ങളും സജ്ജമാണ്.
ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും, ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകൾക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്.


