നികുതി വെട്ടിപ്പ് : മാത്യു കുഴൽനാടന്റെ റാന്നിയിലെ ബിസിനസ് പങ്കാളികളുടെ വീടുകളിൽ വിജിലൻസ് പരിശോധന

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാൽ കപ്പിത്താൻ റിസോർട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പാർട്‌ണേഴ്‌സ് ആയ റാന്നി മേനാംതോട്ടം കാവുങ്കൽ വീട്ടിൽ ടോണി സാബു, ടോം സാബു എന്നിവരുടെ വീട്ടിൽ വിജിലൻസ് പരിശോധന നടന്നു .. ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തുന്നത്. സാബുവും ടോമും തൃശ്ശൂർ ആയതിനാൽ ഇവരുടെ ബന്ധുവും വാർഡ് മെമ്പറുമായ ജെബിൻ കാവുങ്കലിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.

കപ്പിത്താൻ റിസോർട്ട് 50 സെന്റ് ഭൂമി കൈയേറി എന്നാരോപിച്ചാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. ഭൂമി കൈയേറി കോമ്പൗണ്ട് വാൾ കെട്ടിയതായി തഹസിൽദാരും വിജിലൻസും കണ്ടെത്തിയിരുന്നു. ഇവിടെ കെട്ടിടം പണിതതിൽ നികുതി വെട്ടിപ്പ് നടന്നതായും ആരോപണമുയർന്നു.

2022 ലാണ് കുഴൽനാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയത്. ഇടപാടിൽ നികുതി വെട്ടിപ്പ് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി രംഗത്തു വന്നിരുന്നു. ഇവർ നൽകിയ പരാതി പ്രകാരമാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. 4000 സ്‌ക്വയർഫീറ്റ് കെട്ടിടവും 850 സ്‌ക്വയർ ഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *