പത്തനംതിട്ട: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഇൻഡേൻ) പാചക വാതക വിതരണ സോഫ്ട് വെയറായ സെക്കൻഡറി ഡീലർ മാനേജ്‌മെന്റ് സിസ്റ്റത്തിൽ(എസ്.ഡി.എം.എസ്) തകരാർ സംഭവിച്ചതിനെ തുടർന്ന് ഏജൻസികൾ ദുരിതത്തിൽ. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സോഫ്ട്‌വെയറിൽ തകരാർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സിസ്റ്റം തികച്ചും ഉപയോഗസൗഹൃദമല്ലെന്ന് ഏജൻസി നടത്തിപ്പുകാർ പറയുന്നു. ഇൻവോയിസ്, ഉപയോക്താക്കൾക്കുള്ള എസ്എംഎസ് നോട്ടിഫിക്കേഷൻ(ഡെലിവറി ഓതന്റിക്കേഷൻ കോഡ് ഉൾപ്പെടെ), ഇആർവി ജനറേഷൻ, എസ്.വി/ടി.വി ജനറേഷൻ എന്നിവ അടക്കമുള്ള സേവനങ്ങളാണ് തടസപ്പെടുന്നത്. ഓണർഷിപ്പ് ട്രാൻസ്ഫർ അടക്കം സാധ്യമാകുന്നില്ല.
പരാതി ഓൾ ഇന്ത്യ ഇൻഡേൻ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ രേഖാമൂലം ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകിയിട്ടും പരിഹാരമില്ലെന്ന് പറയുന്നു. ഏജൻസികളുടെ നിലനിൽപ്പിനെ പോലും ഇത് ബാധിക്കുകയാണ്. ഉപയോക്താക്കൾ ഏജൻസികളിൽ ബഹളവുമായി എത്തിത്തുടങ്ങി. ഏജൻസി ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന തരത്തിലേക്ക് വരെ പ്രശ്‌നം നീളുകയാണ്. ഈ സാഹചര്യത്തിൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടാകാത്തത് ഖേദകരമാണെന്ന് ഏജൻസി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.


