തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം ബഹുമാനപ്പെട്ട കേരളാ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. സമഗ്രമായ ചികിത്സ നൽകി
അനവധി രോഗികൾക്ക് പ്രത്യാശ പകർന്ന കഴിഞ്ഞ പത്തു വർഷക്കാലത്തെ സേവനം കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും ബിലീവേഴ്സ് ആശുപത്രി പുലർത്തുന്ന രോഗികേന്ദ്രീകൃതമായ ചികിത്സാസംസ്കാരം അഭിനന്ദനാർഹമാണെന്നും ആതുരശുശ്രൂഷയിലും മെഡിക്കൽ വിദ്യാഭ്യാസരംഗത്തും മെഡിക്കൽ ഗവേഷണരംഗത്തും ബിലീവേഴ്സ് ആശുപത്രി നൽകുന്ന സംഭാവനകളെ ചുണ്ടിക്കാണിച്ച് ഗവർണർ ഉദ്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. പ്രളയമടക്കമുള്ള പ്രകൃതിദുരന്ത കാലത്തും കോവിഡ് മഹാമാരി കാലത്തും വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനങ്ങളാണ് ബിലീവേഴ്സ് ആശുപത്രി നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 15 വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ സ്മാരക കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിൽ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ അധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സമ്പൂർണ്ണ കാൻസർ ചികിത്സാകേന്ദ്രം, രോഗങ്ങൾ കൃത്യമായും വേഗത്തിലും കണ്ടു പിടിക്കുന്ന രോഗനിർണ്ണയകേന്ദ്രം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലാബുകളും ഫാർമസികളും , ഉൾനാടൻപ്രദേശവാസികൾക്കായി സഞ്ചരിക്കുന്ന ആതുരശുശ്രൂഷാകേന്ദ്രവും സജീവ ടെലിമെഡിസിൻ സംവിധാനങ്ങളും, മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദേശസർവകലാശാലകളുടെ സഹകരണത്തോടെ അക്കാഡമികൾ എന്നിങ്ങനെ ബിലീവേഴ്സ് ആശുപത്രിയുടെ അടുത്ത പത്തു വർഷത്തേക്കുള്ള അഞ്ചിന പ്രവർത്തനപദ്ധതിയുടെ പ്രഖ്യാപനം ചടങ്ങിൽവച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത നടത്തി.

കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജറുമായ റവ. ഫാ സിജോ പന്തപ്പള്ളിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവല്ല എംഎൽഎ അഡ്വ. മാത്യു ടി തോമസ്, പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ .എസ്. ഐ എ എസ്, ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറി റവ ഡോ ഡാനിയൽ ജോൺസൺ, ബിലീവേഴ്സ് ആശുപത്രി അസ്സോസ്സിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ എലിസബത്ത് ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പത്താം വാർഷികസൂചകമായി 10 കുട്ടികൾക്ക് ബോൺ മാരോ ട്രാൻസ്പ്ലാൻറേഷൻ നടത്തുവാൻ ചിലവാകുന്ന രണ്ടരക്കോടി രൂപയുടെ ചികിത്സാസഹായവും ഗവർണർ ചടങ്ങിൽവച്ച് വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഇലക്ട്രിക് വീൽ ചെയറുകളും ഗവർണർ വിതരണം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് , ബിലീവേഴ്സ് അക്കാഡമി ഓഫ് അലൈഡ് സയൻസ് വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായിരുന്നു.


