കമ്മ്യൂണിസ്റ്റ് മുദ്രചാർത്തി പിരിച്ചു വിട്ടവരെ പുരധിവസിപ്പിക്കണം ; കുമ്പളത്ത്‌ ആർ. മനോഹരനന്റെ ഒറ്റയാൾ പോരാട്ടം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കമ്മ്യൂണിസ്‌റ്റ് മുദ്ര ചാർത്തി പിരിച്ചുവിട്ട കേന്ദ്രസർക്കാർ ജീവനക്കാരെ പുനരധിവസിപ്പിക്കണമെന്ന്‌ കായംകുളം പെരുങ്ങാല കുമ്പളത്ത്‌ ആർ. മനോഹരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്‌റ്റ് മുദ്രകുത്തി മദ്രാസ്‌ എൻജിനീയേഴ്‌സിൽനിന്നും ബോംബെ ഇൻകംടാക്‌സിൽനിന്നുമാണ്‌ തന്നെയും പിരിച്ചുവിട്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ കാരണങ്ങളാൽ സാമൂഹിക നീതിയും ജീവിക്കാനുള്ള അവകാശവും നിഷേധിച്ച്‌ വിവിധ കേന്ദ്രസർക്കാർ സർവീസുകളിൽനിന്നും പിരിച്ചയക്കപ്പെട്ടവരാണിവർ. കമ്മ്യൂണിസ്‌റ്റ് മുദ്രകുത്തി കേന്ദ്രസർക്കാർ സർവീസുകളിൽനിന്നു പുറത്താക്കിയവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി ധർമ്മസമരയാത്ര കാസർഗോഡ്‌ തലപ്പാടിയിൽനിന്ന്‌ ഓഗസ്‌റ്റ് 15നാണ്‌ ആരംഭിച്ചത്‌.

കാൽനടയായാണ്‌ യാത്ര. ജില്ലാകേന്ദ്രങ്ങൾ വഴി 10 ന്‌ തലസ്‌ഥാനത്തെത്തി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകും. പോലീസ്‌ വെരിഫിക്കേഷനിൽ കമ്മ്യൂണിസ്‌റ്റ് ബന്ധം ആരോപിച്ച്‌ സർവീസിൽ തുടരാൻ അനുവദിക്കാതെയും ആനുകൂല്യങ്ങൾ നിഷേധിച്ചും ആയിരക്കണക്കിന്‌ യുവാക്കളെയാണ്‌ പിരിച്ചയച്ചത്‌. പ്രധാനമായും സായുധസേന വിഭാഗങ്ങളിൽ പ്രവേശിച്ചവർക്കാണ്‌ വെരിഫിക്കേഷൻ ശാപമായത്‌.

വിവിധ സവീസുകളിൽ കഠിന പരിശീലനം പൂർത്തിയാക്കി ഇരുപതിനും മുപ്പതിനുമിടയിൽ പ്രായമെത്തിയ യുവാക്കളാണ്‌ മുന്നറിയിപ്പും നഷ്‌ടപരിഹാരവും നിയമാനുസൃത ആനുകൂല്യങ്ങളും ലഭിക്കാതെ നിർദയം പിരിച്ചയച്ചത്‌. 1977-ൽ ജനതാ സർക്കാർ ഈ കരിനയം പിൻവലിച്ചെങ്കിലും ഇരകളെ പുനർനിയമിക്കാനോ പുനരധിവസിപ്പിക്കാനോ തയാറായില്ല. ജനതാസർക്കാരിലും തുടർന്നു വന്ന കോൺഗ്രസ്‌ സർക്കാരുകളിലും ഇടതു പങ്കാളിത്തമുണ്ടായെങ്കിലും പിരിച്ചു വിടപ്പെട്ട നിസഹായരുടെ പരാതികൾ അവരും ഗൗനിച്ചില്ല. രാജ്യദ്രോഹികളായി മുദ്രകുത്തിയാണ്‌ പിരിച്ചയയ്‌ക്കപ്പെട്ടത്‌.

ജീവിക്കാൻ വഴിയില്ലാതെ പലരും ദുരിതം അനുഭവിക്കുകയാണ്‌. ചിലർ ചുമട്ടു തൊഴിലും കൂലിപ്പണിയുമായി ജീവിതംതള്ളി നീക്കുന്നു. ബഹുഭൂരി പക്ഷവും മൺമറഞ്ഞു. രാഷ്‌ട്രീയ കാരണങ്ങളാൽ സർക്കാർ സർവീസുകളിൽനിന്നു പിരിച്ചയക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ചുരുങ്ങിയപക്ഷം അവർ രാജ്യദ്രോഹികളല്ലെന്നു പ്രഖ്യാപിച്ച്‌ സാന്ത്വനമേകണമെന്നും ഇരകളായവർ ദീർഘകാലമായി ആവശ്യപ്പെട്ടു വരികയാണ്‌. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികൾക്കും പതിറ്റാണ്ടുകളായി പരാതികളയച്ചിട്ടും നടപടിയുണ്ടായില്ല. രാഷ്‌ട്രീയകാരണങ്ങളാൽ കേന്ദ്രസർക്കാർ പിരിച്ചു വിട്ടവർ രാജ്യദ്രോഹികളല്ലെന്നു പ്രഖ്യാപിക്കണം, പിരിച്ചയക്കപ്പെട്ടവർക്കും ആശ്രിതർക്കും ഇ.സി.എച്ച്‌.എസ്‌ പോലെയുള്ള ചികിത്സാ സഹായങ്ങളും സൗജന്യങ്ങളും അനുവദിക്കണം, പിരിച്ചയക്കപ്പെട്ടവർക്കോ ആശ്രിതർക്കോ ആശ്വാസകരമായ നഷ്‌ടപരിഹാരം നൽകണം, പിരിച്ചയക്കപ്പെട്ടവരിൽ മറ്റു സർവീസ്‌ പെൻഷൻ ലഭിക്കാത്തവർക്കും മരണമടഞ്ഞവരുടെ ആശ്രിതർക്കും മിനിമം പെൻഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *