യോഗം ജനറൽ സെക്രട്ടറിയെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ അനുവദിക്കില്ല ; എസ്.എൻ.ഡി,പി യോഗം തിരുവല്ല യൂണിയൻ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല : പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അതിരുവിട്ട മുസ്ളീം പ്രീണനമാണെന്ന് അഭിപ്രായപ്പെട്ട എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയെന്ന് അധിക്ഷേപിക്കുന്ന ശക്തികളെ ചെറുക്കാൻ എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മുസ്ളീം പ്രീണനംമൂലം പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹം വിപ്ലവ പ്രസ്ഥാനങ്ങളിൽ
നിന്ന് അകന്നെന്ന യാഥാർത്ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

ഇവർ ഗത്യന്തരമില്ലാതെ ബി.ജെ.പിക്ക് വോട്ടുചെയ്തതിനാലാണ് അവരുടെ വോട്ടുവിഹിതം വർദ്ധിച്ചത്. കേരള രാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രീണനം ഒരു സാമൂഹ്യയാഥാർത്ഥ്യമാണ്. ഇക്കാര്യം യോഗം ഇനിയും വിളിച്ചു പറയും. അധികാരത്തിന്റെ ബലത്തിൽ കേരളത്തിന്റെ പൊതുസമ്പത്ത് ന്യൂനപക്ഷങ്ങളിലേക്ക് എത്തിയ കാര്യം ആർക്കും നിഷേധിക്കാനാവില്ല. ഈ യാഥാർത്ഥ്യം മുൻകാലങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന എ.കെ.ആൻ്റണിയും വി.എസ്.അച്ചുതാനന്ദനും വരെ പറഞ്ഞിട്ടുണ്ട്. യോഗം ജനറൽ സെക്രട്ടറി പറഞ്ഞ യാഥാർത്ഥ്യങ്ങൾ ശരിവെക്കുന്നതാണ് കേരളത്തിലെ രാജ്യസഭ സ്ഥാനാർത്ഥി നിർണ്ണയം. ന്യൂനപക്ഷങ്ങൾക്കായി ഇരുമുന്നണികളും മാനേജ്മെൻ്റ് കോട്ടയിൽ സീറ്റ് വീതംവെച്ചു നൽകുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

യാഥാർത്ഥ്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ യോഗത്തെയോ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയോ ആക്ഷേപിക്കാൻ അനുവദിക്കില്ല. വെള്ളാപ്പള്ളിയെ വിമർശിക്കുന്ന ചില മുസ്ളീം നേതാക്കളാണ് വർഗീയവാദികൾ. ഇവർ വിദേശ രാജ്യങ്ങളിൽ നടത്തിയ തീവ്രവാദ പ്രസംഗങ്ങൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിലുണ്ട്. അവരാണിപ്പോൾ മതേതരത്വം പ്രസംഗിക്കുന്നത്. സത്യം പറയുന്നവരെ വർഗീയവാദികളായി ചിത്രീകരിക്കാൻ ഇത്തരം തീവ്രവാദികൾ നടത്തുന്ന ശ്രമങ്ങളെ പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ എസ്‌ ഉഴത്തിൽ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് കെ.ജി ബിജു, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്പെക്ടിങ്ങ് ഓഫീസർ എസ്. രവീന്ദ്രൻ, കൗൺസിൽ അംഗങ്ങളായ ബിജു മേത്താനം, രാജേഷ് കുമാർ, അനിൽ ചക്രപാണി, സരസൻ റ്റി.ജെ. മനോജ് ഗോപാൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *