പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റ നോട്ടത്തിൽ
ജില്ലയിൽ കൂടുതൽ സ്ത്രീവോട്ടർമാർ…
ജില്ലയിലെ മണ്ഡലങ്ങളിൽ കൂടുതൽ സ്ത്രീവോട്ടർമാർ. 5,53,279 സ്ത്രീ വോട്ടർമാരും 4,97,837 പുരുഷ വോട്ടർമാരും എട്ട് ഭിന്നലിംഗ വോട്ടർമാരുമാരുമടക്കം ജില്ലയിൽ ആരെ 10,51,124 വോട്ടർമാർ. സ്ത്രീ വോട്ടർമാരും പുരുഷ വോട്ടർമാരും കൂടുതലുള്ളത് ആറന്മുളയിലാണ്. 1,12,100 പുരുഷൻമാരും 1,24,531 സ്ത്രീകളും ഒരു ഭിന്നലിംഗവുമടക്കം 2,36,632 വോട്ടർമാരുമായി ആകെയുള്ള കണക്കിലും ആറന്മുള തന്നെ മുന്നിൽ. ജില്ലയിൽ പുരുഷവോട്ടർമാരും സ്ത്രീ വോട്ടർമാരും കുറവ് റാന്നിയിലാണ്. 92,110 പുരുഷവോട്ടർമാരും 99,330 സ്ത്രീ വോട്ടർമാരുമാരും രണ്ട് ഭിന്നലിംഗവോട്ടർമാരും ഉൾപ്പെടെ റാന്നിയിൽ 1,91,442 വോട്ടർമാരുമാണുള്ളത്. അടൂരിലും തിരുവല്ലയിലും കോന്നിയിലും രണ്ടുലക്ഷത്തിൽപരം വോട്ടർമാരുണ്ട്. തിരുവല്ലയിൽ 1,00,906 പുരുഷൻമാരും 1,11,533 സ്ത്രീകളും ഒരു ഭിന്നലിംഗവോട്ടറുമടക്കം 2,12,440 വോട്ടർമാരാണുള്ളത്. അടൂരിൽ 98,176 പുരുഷൻമാരും 1,11,581 സ്ത്രീകളും മൂന്ന് ഭിന്നലിംഗവോട്ടറുമാരുമടക്കം 2,09,760 വോട്ടർമാരുണ്ട്. കോന്നിയിൽ 94,545 പുരുഷൻമാരും 1,06,304 സ്ത്രീകളും ഒരു ഭിന്നലിംഗവോട്ടറുമടക്കം 2,00,850 വോട്ടർമാരുമാണുള്ളത്.
കാരണം കാണിക്കൽ നോട്ടീസ് നൽകി
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന ക്ലാസുകളിൽ പങ്കെടുക്കാതിരുന്ന ഓഫീസർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയാതായി തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ ഇലക്ഷൻ കമ്മീഷണർക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും നൽകിയതായും ഇവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കാണ് ഏപ്രിൽ രണ്ടു മുതൽ നാലു വരെ ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ പരിശീലനം നൽകിയത്.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ (8)
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ (8). ഏപ്രിൽ അഞ്ചിന് നടന്ന സൂക്ഷ്മ പരിശോധനയിൽ എട്ട് സ്ഥാനാർഥികളുടെ പത്രികകളാണ് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരി അംഗീകരിച്ചത്. എൽഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനിൽ കെ ആന്റണി, ബിഎസ്പിയുടെ ഗീതാകൃഷ്ണൻ, അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം കെ ഹരികുമാർ, പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു, സ്വതന്ത്ര സ്ഥാനാർഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. ഏപ്രിൽ എട്ടിന് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പ്.
സ്ഥാനാർഥികളുടെ ചെലവ് പരിശോധന 12, 18, 23 തീയതികളിൽ
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വിവിധ സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്ന രജിസ്റ്ററുകൾ, അനുബന്ധരേഖകൾ എന്നിവയുടെ പരിശോധന കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 12, 18, 23 തീയതികളിൽ രാവിലെ 11 ന് ചെലവ് നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേംകൃഷ്ണൻ അറിയിച്ചു.
പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കി
തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോളിംഗ് ബൂത്തിൽ ഉറപ്പാക്കും. ഇത് സംബന്ധിച്ച് പരിശീലന സമയത്ത് പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകും. തെരഞ്ഞെടുപ്പിനെത്തുടർന്ന് പോളിംഗ് സ്റ്റേഷനുകളിലുണ്ടാകുന്ന മാലിന്യങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്യണം. മുതിർന്നവർക്കും ഭിന്നശേഷി വിഭാഗക്കാർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം ലഭ്യമാക്കണം.
വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗനിർദ്ദേശം നൽകുന്നതിന് ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിൽ ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം.
സ്‌കൂളുകളിൽ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണം. ക്ലാസ്മുറികളിലെ ചുവരുകളിലെ ചിത്രങ്ങൾ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തിലാവണം പോളിംഗ് സ്റ്റേഷനുകളിൽ അറിയിപ്പുകൾ പതിക്കേണ്ടതെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
കുട്ടികൾക്കായി ക്രഷ് സംവിധാനം
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കായി ക്രഷ് സംവിധാനം ഏർപ്പെടുത്തും.
നാലിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന പോളിംഗ് ലൊക്കേഷനുകളിൽ വോട്ടർമാരെ അനുഗമിക്കുന്ന കുട്ടികൾക്കായാണ് ഈ സൗകര്യം ക്രമീകരിക്കുക.
കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ആയയെ അല്ലെങ്കിൽ സന്നദ്ധപ്രവർത്തകയെ നിയോഗിക്കും.
നീണ്ട ക്യൂവിന് സാധ്യതയുള്ള
പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക തയാറാക്കണം
നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകളുടെയും ലൊക്കേഷനുകളുടെയും പട്ടിക സെക്ടർ ഓഫീസർമാർ തയാറാക്കണം. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവർത്തകരെ ഏർപ്പാടാക്കുക, ടോക്കണുകൾ വിതരണം ചെയ്യുക തുടങ്ങി തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്…
മാലിന്യ സംസ്‌കരണത്തിൽ ശ്രദ്ധ നൽകി ഹരിത തെരഞ്ഞെടുപ്പിന് ഒരുങ്ങി ജില്ല.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് ഹരിത തെരഞ്ഞെടുപ്പ് നടപ്പാക്കും. തെരഞ്ഞെടുപ്പ് കാലയളവിലെ മാലിന്യ നിർമ്മാർജനത്തിന് ശ്രദ്ധ നൽകും.
പ്രചാരണ സാമഗ്രികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിന് പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് പ്രചാരണ സാമഗ്രികൾ നിർമ്മിക്കണം. കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിർമ്മിക്കണം. പോളിപ്രൊപ്പലീൻ കൊണ്ടുള്ള കൊടിതോരണങ്ങൾ പൂർണമായും ഒഴിവാക്കണം. ഫ്‌ളക്‌സ്, പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവ പൂർണമായി ഒഴിവാക്കി കോട്ടൺ തുണി, പേപ്പർ എന്നിവ കൊണ്ട് വാഹനങ്ങൾ അലങ്കരിക്കണം. തെരഞ്ഞെടുപ്പിൽ ഹരിതചട്ടം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തും.
പോളിങ് ബുത്തുകൾ ഒരുക്കുമ്പോൾ…
ലോക്സഭാ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റചട്ടം പാലിച്ച് പോളിങ് ബൂത്തുകൾ ഒരുക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ, ബൂത്തുകൾക്ക് മുന്നിലെ കൗണ്ടറുകൾ എന്നിവ ഒരുക്കുമ്പോൾ ഹരിതചട്ടം പാലിക്കണം. കുടിവെള്ള ഡിസ്‌പെൻസറുകൾ, സ്റ്റീൽ/കുപ്പി ഗ്ലാസുകൾ എന്നിവ ബൂത്തുകളിൽ സജ്ജീകരിക്കണം. ഭക്ഷണം കഴിക്കാൻ ഡിസ്‌പോസിബൾ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്. മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാൻ ഹരിത കർമ സേനയുമായി കരാറിൽ ഏർപ്പെടണം. തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷൻ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം.
വോട്ടേഴ്‌സ് ഇൻഫർമേഷൻ സ്ലിപ് വിതരണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാർ തെരഞ്ഞെടുപ്പ് തീയതിക്ക് അഞ്ചു ദിവസം മുൻപ് വോട്ടേഴ്‌സ് ഇൻഫർമേഷൻ സ്ലിപ് വിതരണം ചെയ്യണം. ഇവ വോട്ടറോ/ കുടുംബാംഗമോ കൈപ്പറ്റിയെന്നുള്ള രേഖ ബിഎൽഒമാർ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ ഏൽപ്പിക്കണം അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സമാഗ്രികളുടെ വിതരണം പൂർത്തിയായി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കാണ് കളക്ടറേറ്റിലെ ഇലക്ഷൻ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം), വിവിപാറ്റ് മെഷീനുകൾ തുടങ്ങിയ പോളിംഗ് സാമഗ്രികൾ കൈമാറിയത്. ആകെ 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളുമാണുള്ളത്. 16 ന് ഇവിഎമുകളുടെ രണ്ടാം ഘട്ട റാന്റമൈസേഷന് ശേഷം 17 ന് ഇവിഎമുകൾ കമ്മീഷൻ ചെയ്യും.
കുറ്റപ്പുഴ മാർത്തോമ റെസിഡൻഷ്യൽ സ്‌കൂൾ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ (ആറന്മുള), എലിയറയ്ക്കൽ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂർ ബി എഡ് സെന്റർ (അടൂർ) എന്നിവയാണ് ജില്ലയിലെ വിതരണ കേന്ദ്രങ്ങൾ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ – സ്വീകരണകേന്ദ്രങ്ങൾ അതാത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ പ്രവർത്തിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ കേന്ദ്രം ചെന്നീർക്കര കേന്ദ്രീയ വിദ്യാലയമാണ്.
ഹരിത പ്രവർത്തനങ്ങൾ- സ്ഥാനാർഥികൾക്ക് ജില്ലാ കളക്ടറുടെ കത്ത്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂർണമായും ഹരിതചട്ടം പാലിക്കുന്നതിനും നിരോധിത വസ്തുക്കൾ പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനും സ്ഥാനാർഥികൾക്ക് ജില്ലാ കളക്ടറുടെ കത്ത്. വിജയിക്കുമ്പോൾ ഭാവിയിൽ പ്രകൃതി സംരക്ഷണത്തിനും ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കും മലനിരകളേയും വനസമ്പത്തിനേയും ജലാശയങ്ങളേയും സംരക്ഷിക്കുന്ന സുസ്ഥിരവികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി മാതൃകാ എം.പി യായിമാറണമെന്നും ജില്ലാ കളക്ടർ കത്തിൽ അഭ്യർഥിക്കുന്നു. ഹരിതചട്ടം പാലിക്കുന്നതിന്റെ ബോധവത്കരണത്തിനായി സ്ഥാനാർഥികൾക്ക് സ്റ്റീൽ വാട്ടർബോട്ടിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ഹരിതചട്ടവുമായി ബന്ധപ്പെട്ട കൈപ്പുസ്തകം എന്നിവയും നൽകി. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിലെ ഹരിതചട്ടവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

ഫോട്ടോ അടിക്കുറിപ്പ്-കത്ത്
ഗ്രീൻ പ്രോട്ടോകോളുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾക്ക് ജില്ലാ കളക്ടർ നൽകി യകത്ത്


