പത്തനംതിട്ട: ഗ്യാസ് കണക്ഷനുള്ളവർ ബുക്കും ആധാറുമായി ഏജൻസിയിൽ ചെന്ന് കൈവിരൽ പതിപ്പിക്കണമെന്ന സന്ദേശം വൈറൽ ആയതിനെ തുടർന്ന് തിക്കും തിരക്കും ബഹളവും. ഈ നിബന്ധന ആർക്കൊക്കെയാണ് ബാധകം എന്ന് ഗ്യാസ് ഏജൻസികളോ ഉദ്യോഗസ്ഥരോ പറയാത്തത് കാരണം കണക്ഷനുള്ളവരെല്ലാം തന്നെ ഏജൻസിയിലേക്ക് പാഞ്ഞു ചെന്നു. വടശേരിക്കര ശബരി ഗ്യാസ് ഏജൻസിയിലടക്കം തിക്കും തിരക്കും അനുഭവപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരമൊരു അറിയിപ്പ് കണ്ടതോടെ ജനങ്ങൾ ഗ്യാസ് ഏജൻസികളിൽ എത്തി വലിയ തിക്കും തിരക്കുമാണ്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡുമായി എത്തി കൈവിരൽ പതിപ്പിക്കണമെന്നാണ് നിർദ്ദേശം. ഗ്യാസ് കണക്ഷൻ ആരുടെ പേരിലാണോ ആ ആൾ എത്തണം. ഏജൻസികൾക്ക് ഇങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ല എന്നും പറയുന്നു. വടശേരിക്കരയിൽ പ്രവർത്തിക്കുന്ന ബി.പി.സി.എല്ലിന്റെ ഏജൻസിയായ ശബരിയിലേക്ക് കൂട്ടത്തോടെ ഉപയോക്താക്കൾ എത്തി. ഇവിടെ നിന്ന് ഇങ്ങനെ ഒരു അറിയിപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചുവത്രേ. ഈ രീതിയിൽ ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണെന്ന് കേട്ടാണ് ആൾക്കാർ തിക്കും തിരക്കുമായി ചെന്നത്. അടുത്ത ദിവസങ്ങളിൽഅവധി ആയത് തിരക്ക വർധിക്കാൻ കാരണമായി. വടശേരിക്കരയിലെ ഏജൻസി നൽകിയെന്ന് പറയുന്ന അറിയിപ്പ് ജില്ലയിലെ മറ്റ് പല സ്ഥലത്തെയും വാട്‌സാപ്പ് ഗ്രുപ്പുകളിൽ എത്തുകയും അവിടങ്ങളിലെ ഗ്യാസ് ഏജൻസികളിൽ ആളുകൾ അന്വേഷിച്ച് എത്തുകയും ചെയ്യുന്നുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം ഭാരത് പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നതെന്നാണ് ഗ്യാസ് ഏജൻസി അധികൃതർ പറയുന്നത്. ഇൻഡേൻ, എച്ച്.പി തുടങ്ങിയ ഗ്യാസ് വിതരണക്കാർ ഇത്തരമൊരു അറിയിപ്പ് എങ്ങും നൽകിയിട്ടില്ല. കണക്ഷൻ വിദേശത്തുള്ള ആളിന്റെ പേരിൽ ആണെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആ ആധാറുമായി ബന്ധിപ്പിക്കണമെന്നുമാണ് നിർദ്ദേശം. ആരുടെ പേരിലേക്കാണോ മാറ്റുന്നത്. അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവയുമായി എത്തണം. അതികഠിനമായ ചൂടിലും രാവിലെ ഏഴു മണി മുതൽ ഗ്യാസ് ഏജൻസിയുടെ മുന്നിൽതിരക്കാണ്. പ്രായം ചെന്നവർക്കും കുട്ടികളുമായി എത്തുന്ന അമ്മമാർക്കും ചൂട് ഏൽക്കാതെ നിൽക്കാൻപോലും സൗകര്യം ഇല്ല. കടുത്ത ചൂടിൽ എട്ടും ഒൻപതും മണിക്കൂർ തുടർച്ചയായി വെയിലും ചൂടും ഏറ്റ് റോഡിൽ നിൽക്കുന്നവർതളർന്ന് വീഴുകയും ചെയ്യുന്നു.
കൈവിരൽ പതിപ്പിക്കുന്നത് ശരിയാകാത്തതിനാൽ പോയി പിന്നീട് വരാൻ പറഞ്ഞുവിടുകയും ചെയ്യുന്നുണ്ട്.
ആധാർ ബന്ധിപ്പിക്കേണ്ടത് ഉജ്വൽ ഉപയോക്താക്കൾ
ആധാറും ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ച് ബയോമെട്രിക് അപ്‌ഡേഷൻ നടത്തണമെന്നത് ശരിയാണെന്നും പക്ഷേ, നിലവിൽ അത് പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരം സൗജന്യ ഗ്യാസ് കണക്ഷൻ കിട്ടിയവർക്ക് മാത്രമാണെന്നും പത്തനംതിട്ടയിലെ ഇൻഡേൻ ഏജൻസിയായ റോയലിന്റെ ഉടമ ജോർജ് വർഗീസ് പറഞ്ഞു. ഉജ്വൽ പദ്ധതി പ്രകാരം കണക്ഷൻ നൽകിയവരുടെ ആധാർ കാർഡും ബയോമെട്രിക്കും അപ്‌ഡേറ്റ് ചെയ്യാനുള്ള നിർദേശം മാത്രമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയവും ഇത് തന്നെയാണ് നൽകിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ഉജ്വൽ യോജന പദ്ധതി പ്രകാരം സൗജന്യമായിട്ടാണ് കണക്ഷൻ നൽകിയിരിക്കുന്നത്. ഇത് സ്ത്രീകളുടെ പേരിലാണ് കൊടുത്തിരിക്കുന്നത്. ഇവർക്ക് നിലവിൽ ഒരു സിലിണ്ടർ എടുക്കുമ്പോൾ 300 രൂപ സബ്‌സിഡി കൊടുക്കുന്നുണ്ട്.
ആധാറും ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ച് ബയോമെട്രിക് അപ്‌ഡേഷൻ നടത്താനുള്ളവരെ ഏജൻസിയിൽ നിന്ന് വിളിച്ച് വിവരം അറിയിക്കുന്നുണ്ട്. എന്നാൽ, അവരുടെ ഭാഗത്ത് നിന്നും തണുപ്പൻ പ്രതികരണമാണ്. സൗജന്യ കണക്ഷൻ ലഭിച്ചപ്പോൾ പലരും നൽകിയിരുന്ന ഫോൺ നമ്പർ പോലും നിലവിലില്ല. തങ്ങളുടെ ഏജൻസിയിൽ ഇനിയും അപ്‌ഡേഷൻ നടത്താത്ത 66 കണക്ഷനുണ്ടെന്ന് ജോർജ് വർഗീസ് പറയുന്നു. ഇതിന് ഒരു അവസാന തീയതി ഒന്നും ഇതു വരെ നിശ്ചയിച്ച് നൽകിയിട്ടില്ല. പലവട്ടം വിളിച്ചിട്ടും പലരും വരാൻ കൂട്ടാക്കുന്നില്ല. ഉജ്വൽ പദ്ധതി പ്രകാരം കണക്ഷൻ എടുത്ത ശേഷം മരിച്ചു പോയവർ, വിദേശരാജ്യങ്ങളിൽ ജോലിക്ക് പോയവർ, സ്ഥലത്തില്ലാത്തവർ എന്നിവരെ കണ്ടെത്തി കണക്ഷൻ മാറ്റി നൽകുക എന്നൊരു ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
ഭാവിയിൽ മറ്റുള്ളവർക്കും ഇതേ പോലെ ബയോമെട്രിക് അപ്‌ഡേഷൻ വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ കൈവിരൽ, അല്ലെങ്കിൽ കൃഷ്ണമണി എന്നിവയാണ് അപ്‌ഡേഷന് ഉപയോഗിക്കേണ്ടി വരുന്നത്. ഇതിന് ഏറെ സമയം വേണ്ടി വരികയും ചെയ്യും.


