ഇലവുംതിട്ട – പേപ്പട്ടിയെന്നു സംശയിക്കുന്ന ഒരു തെരുവുനായ ഇലവുംതിട്ട മാർക്കറ്റിലെ കച്ചവടക്കാരെ അടക്കം എട്ടോളം മനുഷ്യരെ ഓടിച്ചിട്ട് കടിച്ചു. ഇലവുംതിട്ടയിൽ വർഷങ്ങളായി തെരുവുനായ ഭയം കാരണം കുട്ടികളെയും കൊണ്ട് നടന്നു പോകുവാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. ഇതിനു പരിഹാരം കാണണമെന്നു പഞ്ചായത്തിനോടും, ജന പ്രതിനിധികളോടുമൊക്കെ പറയാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഇതേവരെ ഒരു നടപടിയും ഉണ്ടായില്ല. തെരുവ്‌നായ്ക്കളെ കൊന്നാൽ ചോദിക്കാൻ ആളുണ്ട്. മനുഷ്യരുടെ ജീവന് അത്രപോലും ഒരു വിലയുമില്ലല്ലോ എന്ന് വിലപിക്കുകയാണ് ഇലവുംതിട്ടയിൽ താമസിക്കുന്ന ജനങ്ങൾ.
ആളുകളെ കടിച്ച തെരുവ്‌നായയെ തിരഞ്ഞെങ്കിലും കാണാനില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മറ്റു നായ്ക്കളെയും കടിച്ചിട്ടുണ്ടാകാം എന്ന സംശയത്താൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, കടിയേറ്റ ആളുകൾക്കെല്ലാം മുൻകരുതലായി വാക്സിനേഷൻ എടുത്തു എന്നും അവർ പറഞ്ഞു. തെരുവ്‌നായ ശല്യത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി പിങ്കി ശ്രീധർ പറഞ്ഞു.


